തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അടയ്ക്കും മുമ്പ് പാഠപുസ്തകങ്ങളും യൂണിഫോമും അരിയും ഒന്നിച്ചുനൽകി സംസ്ഥാന സർക്കാർ. നേരത്തെപാഠപുസ്തകങ്ങൾ സ്കൂൾ അടയ്ക്കും മുമ്പ് നൽകിയിട്ടുണ്ടെങ്കിലും യൂണിഫോമും അരിയുമുൾപ്പെടെ ഒന്നിച്ച് സ്കൂൾ അടയ്ക്കുംമുമ്പേ നൽകുന്നത് ചരിത്രത്തിൽ ആദ്യമായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒമ്പത്, 10 ക്ലാസുകളിലെ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. സംസ്ഥാനതല വിതരണോദ്ഘാടനം 25ന് പകൽ മൂന്നിന് ആലപ്പുഴയിൽ നടക്കും. 40 ലക്ഷം പാഠപുസ്തകം വിതരണത്തിന് ജില്ലാ ഹബ്ബുകളിലെത്തിച്ചു. കുടുംബശ്രീ വഴിയാണ് പുസ്തകവിതരണം. 2023– 24 അധ്യയനവർഷം മുഴുവൻ ക്ലാസുകളിലുമായി 2.9 കോടി പാഠപുസ്തകമാണ് ആവശ്യമുള്ളത്. മറ്റു ക്ലാസുകളിലെ പുസ്തക അച്ചടി അതിവേഗം പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അടുത്ത അധ്യയനവർഷത്തെ യൂണിഫോമിന് 130 കോടി രൂപ വകയിരുത്തി. സൗജന്യ കൈത്തറി യൂണിഫോമിനുള്ള 42 ലക്ഷം മീറ്റർ തുണിസജ്ജമാക്കിയിട്ടുണ്ട്. 10 ലക്ഷം കുട്ടികൾക്ക് ഇവ ലഭ്യമാകും. സംസ്ഥാന ഉദ്ഘാടനം 25ന് രാവിലെ 10ന് എറണാകുളത്ത് നടത്തും. യൂണിഫോം ലഭ്യമാകാത്ത കുട്ടികൾക്ക് തുക അനുവദിക്കും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട ഒന്നുമുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക് മധ്യവേനലവധിക്ക് അഞ്ചുകിലോ അരി വീതം നൽകും. 20ന് അരിവിതരണം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.