തിരുവനന്തപുരം: രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചത് കേരളത്തിൽ ചിലർ അറിഞ്ഞിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞ ഉടൻതന്നെ പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് അഞ്ചു ശതമാനത്തിലേറെയും വാണിജ്യ സിലിണ്ടറിന് ഇരുപത് ശതമാനത്തോളവുമാണ് ഇത്തവണ വർധിപ്പിച്ചിരിക്കുന്നത്. പാചകവാതകത്തിന്റെ സബ്സിഡി ആളുകളറിയാതെ നിർത്തലാക്കിയ കേന്ദ്രസർക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം. അപ്പോഴും കേരളത്തിൽ ചിലർ ഇതൊന്നും അറിഞ്ഞമട്ടില്ലെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വടക്കോട്ട് വല്ലപ്പോഴുമൊക്കെ നോക്കുന്നത് നല്ലതാണ്. ജനജീവിതം ബുദ്ധിമുട്ടിലാക്കുന്ന വടക്കൻ കാറ്റിനെപ്പറ്റി അറിയാൻ ‘അവർക്ക്’ താൽപര്യമേയില്ല. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ മറച്ചുവെക്കാൻ കേരള സർക്കാരിനെതിരെ ചാവേർ സമരം നടത്തുന്ന ‘അവർ” ആരെന്ന് പറയേണ്ടതില്ലല്ലോ.
ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 1110 രൂപയിലെത്തി. വാണിജ്യ സിലിണ്ടറിന് 2124 രൂപയുമായി. അടുത്ത കാലത്ത് പാചക വാതക വിലയിലുണ്ടായ ഏറ്റവും വലിയ വർധനവാണ് ഇത്. ജനങ്ങളെ ഇത്രമേൽ ബുദ്ധിമുട്ടിക്കുകയും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയും ചെയ്യുന്ന കേന്ദ്ര നടപടിയിൽ സംസ്ഥാനത്തെ കോൺഗ്രസ് മൗനം പാലിക്കുന്നതും വ്യാപക വിമർശനത്തിന് വഴിവെയ്ക്കുകയാണ്.