തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ രൂപം കൊടുത്ത കേരളാ ബാങ്ക് മുന്നേറ്റത്തിൻ്റെ പാതയിൽ. മന്ത്രി വിഎൻ വാസവനാണ് ഈ നേട്ടം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംസ്ഥാന വികസനത്തിൽ സമഗ്ര ഇടപെടൽ നടത്താൻ കേരള ബാങ്കിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ എല്ലാവിഭാഗങ്ങൾക്കും അനുയോജ്യമായ നിക്ഷേപ വായ്പാ പദ്ധതികൾ കേരളബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. രൂപീകരണത്തിന് ശേഷം ബാങ്കിൻ്റെ മൂലധനത്തിലും വായ്പയിലും വർധനവുണ്ടായി.
2020 മാർച്ച് 31 ന് ആകെ നിക്ഷേപം 61037.59 കോടി രൂപ ആയിരുന്നത് 2022 മാർച്ച് 31 ന് 69907.12 കോടി രൂപയായി വർദ്ധിച്ചു. ബാങ്കിൻ്റെ ആകെ വായ്പ 2020 ലെ 40156.82 കോടിയിൽ നിന്ന് 2022 മാർച്ച് 31 ന് 40950.04 കോടി രൂപയായി . ഓഹരി മൂലധനം 1652.09രൂപയിൽ നിന്നും 2042.08 കോടി രൂപയായി വർദ്ധിച്ചു. മൂലധന പര്യാപ്തത 6.77 ശതമാനത്തിൽ നിന്നും 2022 മാർച്ച് 31 ലെ കണക്കു പ്രകാരം 10.01 ശതമാനമായി.
18 നിക്ഷേപ പദ്ധതികളും, 42 വായ്പാ സ്കീമുകളും കേരളബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. വ്യക്തികൾക്കും സംഘങ്ങൾക്കും നല്കുന്ന വായ്പയുടെ പലിശ ഒരുശതമാനം മുതൽ നാലു ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ 7 ശതമാനത്തിന് നല്കുമ്പോൾ കേരളത്തിൽ അത് 6 ശതമാനമാണ്. കോവിഡ് പ്രതിസന്ധിയിൽ സാധാരണക്കാരന്റെയും കർഷകന്റെയും സംരംഭകരുടേയും വരുമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പിലാക്കി.
ലഘു ജാമ്യ വ്യവസ്ഥയിൽ നടപ്പാക്കിയ സുവിധ പ്ലസ് വായ്പാ പദ്ധതി മുഖേന 5.00 ലക്ഷം രൂപ വരെ വായ്പ ഉല്പാദന, മേഖലയിലെ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ലഭ്യമാക്കി. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയിലൂടെ ഉപജീവനത്തിനായി വാഹനങ്ങൾ വാങ്ങുന്നവർക്കും, ബസ് ഉടമകൾക്കും വായ്പാ സഹായം നൽകിയിരുന്നു. ടൂറിസം മേഖലയിലെ ജീവനക്കാർക്ക് ടൂറിസം ഗോൾഡ് സ്വർണ്ണപ്പണയ വായ്പാ പലിശ സബ് സിഡിയോടെ നടപ്പിലാക്കി. മേഖലയിലെ സംരംഭകർക്കായി കെബി ടൂറിസം ടേം ലോൺ വായ്പാ പദ്ധതിയും നടപ്പിലാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി.