ന്യൂഡൽഹി: ദില്ലി മദ്യനയ അഴിമതി ആരോപണത്തിൽ സിബിഐ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി കേൾക്കണമെന്ന് മനീഷ് സിസോദിയക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇന്നു വൈകിട്ട് 3.50ന് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിസോദിയയുടെ അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം രേഖപ്പെടുത്തിയിരുന്നു. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിൻ്റെ സഹജസ്വഭാവമാണെന്നും അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അധ്യായമാണ് മനീഷ് സിസോദിയയുടെ അറസ്റ്റെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.