സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥ പുതുചരിത്രത്തിലൂടെ നടന്നു നീങ്ങുകയാണ്. ജാഥ എട്ട് നാൾ പിന്നിട്ട് മലപ്പുറത്തിൻ്റെ മണ്ണിലെത്തിയപ്പോൾ മുൻപെങ്ങുമില്ലാതെ ജനപങ്കാളിത്തമാണ് കണ്ടത്. നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ ചെങ്കൊടിയേന്തി പുറംലോകത്തേയ്ക്ക് എത്തിയ ന്യൂനപക്ഷ സ്ത്രീജനങ്ങളുടെ പങ്കാളിത്തം മാറുന്ന മലപ്പുറത്തിൻ്റെ മുഖം വരച്ചു കാട്ടുന്നു.
കൊണ്ടോട്ടിയിലും മലപ്പുറത്തും, തിരൂരും കണ്ട സ്ത്രീ പങ്കാളിത്തം മുസ്ലിം ലീഗ് കോട്ടകളെ ഭേദിക്കുന്നു എന്നതിൻ്റെ തെളിവ് കൂടിയാവുകയാണ്. തിങ്കളാഴ്ച വേങ്ങരയിലായിരുന്നു ആദ്യ സ്വീകരണം. മുസ്ലിം ലീഗ് തട്ടകത്തിനെ മറികടക്കാനാവില്ലെന്ന അഹങ്കാരത്തിനാണ് ജനകീയ പ്രതിരോധ ജാഥയിലൂടെ തീർപ്പ് കൽപ്പിച്ചുകൊടുത്തത്. ആയിരങ്ങളാണ് ജാഥയെ സ്വീകരിക്കാൻ തെരുവിലേയ്ക്ക് ഇറങ്ങിയത്. സ്വീകരണകേന്ദ്രം നിറഞ്ഞ് ജനം റോഡിലേക്കും ഇറങ്ങി. പൊള്ളുന്ന വെയിലിനെ പോലും മറന്നായിരുന്നു ജാഥയിലേയ്ക്ക് ജനം ഒഴുകിയെത്തിയത്.
ചുവന്ന മണ്ണിലേക്ക് സ്വാഗതമെന്ന മുദ്രാവാക്യത്തെ ”പൂർണമായി ചുവന്നുവെന്ന് പറയാൻ കഴിയില്ല, പക്ഷേ മലപ്പുറത്ത് ചുവപ്പ് പടരുകയാണെന്ന് ജാഥാ ക്യാപ്റ്റൻ തിരുത്തി നൽകുകയും ചെയ്തു. ഈ വാക്കുകളെ ആവേശത്തോടെയാണ് അണികൾ വരവേറ്റത്. സ്ത്രീകളുടെ വലിയൊരു പങ്കാളിത്തമാണ് തുടക്കം മുതൽ ജാഥയിൽ കാണാൻ കഴിയുന്നത്. ഇടതുപക്ഷ സർക്കാരിൻ്റെ സ്ത്രീപക്ഷ നയങ്ങളും ജനോപകാര പ്രവർത്തനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുകയായിരുന്നു. ഇത് വലിയ മാറ്റങ്ങളുടെ തുടക്കമായി കണക്കാക്കപ്പെടുന്നു.