തിരുവനന്തപുരം: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിയോജിപ്പിൻ്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിൻ്റെ സഹജസ്വഭാവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് കുറിപ്പ്:
വിയോജിപ്പിൻ്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിൻ്റെ സഹജസ്വഭാവമാണ്. അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ്. സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനർത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നതാണ്.
സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത കേന്ദ്ര സർക്കാരിൻ്റെ പിടിപ്പുകേടിനെതിരെ രാജ്യവ്യാപകമായി അസംതൃപ്തി ഉയരുകയാണ്. ആ ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനും കുതന്ത്രങ്ങളെ ആശ്രയിക്കുന്നു. അത്തരമൊരു കുതന്ത്രം കൂടിയാണ് സിസോദിയയുടെ അറസ്റ്റ് എന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം. നമ്മുടെ രാജ്യത്തിൻ്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണം.