തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തൻ്റെ കൊച്ചു സമ്പാദ്യം നൽകിയ തമിഴ്നാട്ടിലെ മൂന്നാം ക്ലാസുകാരിയാണ് ഇപ്പോൾ താരം. മധുര വേദിക് വിദ്യാശ്രമം സിബിഎസ്ഇ സ്കൂളിൽ പഠിക്കുന്ന ആൻഞ്ചലിൻ മിഥുനയാണ് തൻ്റെ കുഞ്ഞുസമ്പാദ്യമായ 444 രൂപയുടെ ചെക്ക് സംഭാവനയായി നൽകിയത്. മധുര ഓമച്ചിക്കുളം ന്യൂ നാദം റോഡിലെ A10 ജയഭാരത് ഹോമിലെ ഡോ. വിഎം വിജയ ശരവണൻ്റെ മകളാണ്.
ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നൽകിയത് കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഒരു കത്തുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് മുഖ്യമന്ത്രി നടത്തുന്ന ഇടപെടലും കേരളത്തോടുള്ള അർപ്പണ മനോഭാവവും ശ്രദ്ധിക്കാറുണ്ടെന്നാണ് ആൻഞ്ചലിൻ കത്തിൽ കുറിച്ചത്.
മുഖ്യമന്ത്രിയായ താങ്കളെ റോൾ മോഡലാക്കാനാണ് മാതാപിതാക്കൾ തന്നെ പഠിപ്പിക്കുന്നതെന്നും കുട്ടി കത്തിൽ എഴുതുന്നു. ജനങ്ങളെ സേവിക്കാൻ ജില്ലാ കളക്ടർ പദവിയിൽ എത്തണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ആൻഞ്ചലിൻ മിഥുന കത്തിൽ പറഞ്ഞു.