തിരുവനന്തപുരം: സർക്കാർ നടപ്പാക്കുന്ന വികസന – ക്ഷേമ പദ്ധതികളിൽ നിന്ന് ലാഭമുണ്ടാക്കാൻ നോക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടലുകൾ നടത്തുമ്പോൾ തന്നെ അതിൽ നിന്നും എന്തെങ്കിലും ലാഭമുണ്ടാക്കാം എന്നു ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം സർക്കാർ ജീവനക്കാർക്കിടയിൽ ഇപ്പോഴുമുണ്ട്. അവർ കരുതുന്നത് തങ്ങൾ നടത്തുന്ന കളവ് ആരും അറിയില്ല എന്നാണ്. പുതിയ കാലത്ത്, ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുകളുണ്ടായാൽ വേണ്ട നടപടി എടുക്കാനും അത്ര ബുദ്ധിമുട്ടോ തടസ്സമോ ഇല്ലായെന്നത് അത്തരക്കാർ ഓർത്താൽ നന്ന്. അവരെക്കുറിച്ചുള്ള വിശദമായ വിവരശേഖരണവും അന്വേഷണവും സർക്കാർ നടത്തിവരികയാണ്.
പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നും ജനങ്ങൾക്കു നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാതെ അവരെ ബുദ്ധിമുട്ടിക്കാമെന്നും കരുതുന്ന ആരോടും ഒരു ദാക്ഷിണ്യവും ഈ സർക്കാരിനുണ്ടാകില്ല. അത്തരം പുഴുക്കുത്തുകളെ കണ്ടെത്താൻ ജീവനക്കാർ തന്നെ തയ്യാറാകണം. അവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനും അതുവഴി സർക്കാരിൻ്റെയും സർക്കാർ ജീവനക്കാരുടെ സമൂഹത്തിൻ്റെയാകെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന്നതിനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.