തിരുവനന്തപുരം: സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് നവകേരള നിർമ്മിതിയിൽ സർക്കാർ ജീവനക്കാർ കാര്യക്ഷമമായ പങ്കുവഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിരവികസന ലക്ഷ്യങ്ങൾ സംബന്ധിച്ച് ജീവനക്കാർക്കായുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തുണ്ടാകുന്ന പുരോഗമനോന്മുഖമായ മുന്നേറ്റങ്ങളും അവയെ ആസ്പദമാക്കി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും എല്ലാവരിലേക്കും എത്തിക്കാനാണ് സുസ്ഥിര വികസനലക്ഷ്യങ്ങൾ ആഗോളതലത്തിൽ തന്നെ നിശ്ചയിച്ചിരിക്കുന്നത്. അവ നേടിയെടുക്കാൻ പ്രതിബദ്ധതയോടു കൂടിയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതായി നിൽക്കുന്നതിന്റെ അടിസ്ഥാനം നാടിൻ്റെ പുരോഗമനപരമായ ചരിത്രം തന്നെയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ പ്രതിപാദിക്കുന്നതുപോലെ കുറഞ്ഞ ശിശുമരണ നിരക്കും, കുറഞ്ഞ മാതൃമരണ നിരക്കും, മികച്ച സ്ത്രീ-പുരുഷ അനുപാതവും ഉയർന്ന സാക്ഷരതാ നിരക്കും, സാർവ്വത്രിക വിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനങ്ങളുമെല്ലാമുള്ള നാടാണ് കേരളം. എന്നാൽ ഇത്തരം നേട്ടങ്ങളിൽ തൃപ്തിയടഞ്ഞ് ഇനിയൊന്നും ആവശ്യമില്ല എന്ന നിലപാടു കൈക്കൊള്ളുകയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ.
ഓരോ മേഖലയിലും കൂടുതൽ മുന്നേറ്റം കൈവരിക്കേണ്ടതായുണ്ട്. വികസനരംഗത്തെ ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്. വികസന-ക്ഷേമ പദ്ധതികളുടെ നിർവ്വഹണതലത്തിൽ പ്രവർത്തിക്കുന്നവർ എന്ന നിലയിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അതിൽ വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്. അതിദരിദ്രരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യം. നീതി ആയോഗിൻ്റെ കണക്കുകൾ പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 0.7 ശതമാനമാണ് കേരളത്തിലെ ദാരിദ്ര്യത്തിൻ്റെ തോത്. സംസ്ഥാന സർക്കാർ ആ ചെറിയ സംഖ്യയെ തന്നെ ഗൗരവമായി കണ്ടുകൊണ്ട് 64,000ൽ അധികം ദരിദ്രകുടുംബങ്ങളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
അവരെക്കൂടി സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിലേക്ക് നയിക്കുക എന്ന ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയാണ്. അതിന് വരുമാന ലഭ്യത ഉറപ്പാക്കണം, മറ്റ് സാമൂഹിക പിന്തുണകൾ ഉറപ്പാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതിദാരിദ്ര്യനിർമാർജ്ജന പ്രക്രിയയുടെ നിർവ്വഹണ ഏജൻസികളായി ഉപയോഗിക്കുമ്പോൾ തന്നെ അവയ്ക്ക് കരുത്തുപകരാൻ മറ്റു വകുപ്പുകളെക്കൂടി ഉപയോഗപ്പെടുത്തും.
ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഏറെ പ്രധാനമാണ് വ്യവസായവത്ക്കരണവും നൂതന ആശയങ്ങളുടെ പ്രോത്സാഹനവും. വൻകിട വ്യവസായങ്ങളോടൊപ്പം ചെറുകിട – ഇടത്തരം വ്യവസായങ്ങളും പ്രാദേശിക സംരംഭങ്ങളും ആരംഭിച്ചുകൊണ്ട് സമഗ്രമായ വ്യാവസായികമുന്നേറ്റം ഉറപ്പാക്കാനും ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കാനും കഴിയണം. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന അധിക വിഭവങ്ങൾ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താൻ ഉപകരിക്കും. ഒരു വർഷംകൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യംവച്ചിരുന്നതെങ്കിൽ അത് ഒരുലക്ഷത്തി മുപ്പത്തി മൂവായിരത്തിൽ എത്തിക്കാൻ കഴിഞ്ഞു. ഇത് പതിനൊന്ന് മാസത്തോളംകൊണ്ട് കൈവരിച്ച നേട്ടമാണ്. സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചു ബോധവത്ക്കരണം നൽകുന്നതോടൊപ്പം സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട അനുമതികൾ താമസംകൂടാതെ ലഭ്യമാക്കുകയും വേണം. അതിനുതകുന്ന നിയമഭേദഗതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്.
നൂതനാശയങ്ങളെയും ഉത്പന്നങ്ങളാക്കി മാറ്റണം. അത് ലക്ഷ്യംവച്ചാണ് സ്റ്റാർട്ടപ്പ് പ്രോത്സാഹന നയം രൂപീകരിച്ചത്. 2026 ഓടെ 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിലെത്തിയത്. അതിൽ 20 ലക്ഷം തൊഴിലവസരങ്ങൾ നൂതന വ്യവസായങ്ങളുടെ രംഗത്താണ് സൃഷ്ടിക്കപ്പെടുക. ഇതിനായുള്ള പ്രവർത്തനങ്ങൾ കെ-ഡിസ്കിൻ്റെ നേതൃത്വത്തിലുള്ള നോളജ് ഇക്കണോമി മിഷനിലൂടെ ആവിഷ്ക്കരിച്ചു വരികയാണ്. ബാക്കിയുള്ളവ പ്രാദേശിക സർക്കാരുകളിലൂടെയും കാർഷിക – സഹകരണ മേഖലകളിലൂടെയും ഒക്കെയാണ് ഒരുക്കേണ്ടത്.
കേരളം അതിവേഗത്തിൽ നഗരവത്കരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ നവകേരള നഗര നയം മുന്നോട്ടുവക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി കമ്മീഷൻ രൂപീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് അന്താരാഷ്ട്ര കൺസൾട്ടന്റിൻ്റെ സഹായം തേടും. നഗരവികസവുമായി ബന്ധപ്പെട്ട നഗര പുനരുജ്ജീവനവും സൗന്ദര്യവത്ക്കരണവും നടത്തുന്നതിനുള്ള പ്രാഥമിക ചിലവായി 300 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൻ്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന അനുവദിക്കും.
വലിയ തോതിലുള്ള നഗരവത്ക്കരണം ഉണ്ടാകുമ്പോൾ മാലിന്യനിർമ്മാർജ്ജനം ഗൗരവത്തോടെ കൈകാര്യം ചെയ്യണം. തൊഴിൽമേഖലയിൽ
സ്ത്രീ പങ്കാളിത്തം വർധിപ്പിക്കണം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സമാധാനപൂർണ്ണമായ അന്തരീക്ഷം സംരക്ഷിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമുണ്ട്. സമൂഹത്തിലുണ്ടാകുന്ന സംഘർഷങ്ങളും കലാപങ്ങളും പുരോഗതിയെ പിന്നോട്ടടിപ്പിക്കും. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകുന്ന വിവിധ ക്ഷേമപദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നുണ്ട്. 63 ലക്ഷ് പേർക്ക് സാമൂഹ്യക്ഷേമ പെൻഷൻ ലഭ്യമാക്കുന്നു, 43 ലക്ഷം കുടുംബങ്ങൾക്ക് കാരുണ്യ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഫലങ്ങൾ ലഭ്യമാക്കുന്നു. മൂന്നേകാൽ ലക്ഷത്തോളം വീടുകളാണ് ലൈഫ് മിഷനിലൂടെ നൽകിയത്. 2,31,000ൽ അധികം പട്ടയങ്ങൾ ഇതിനോടകം ലഭ്യമാക്കി കഴിഞ്ഞു. ഇതിനെല്ലാം പുറമെയാണ് വികസന – ക്ഷേമ പദ്ധതികൾക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെ പല ഘട്ടങ്ങളിലായി നൂറുദിന കർമ്മപരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു