ചെല്ലാനം, സ്ഥലപേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്നത് കടലേറ്റം മൂലം ദുരിതം അനുഭവിച്ചിരുന്ന ജനങ്ങളെയാണ്. എന്നാൽ ഇന്ന് ചെല്ലാനം അടിമുടി പരിഷ്കാരത്തിലാണ്. പതിറ്റാണ്ടുകളായി കടലേറ്റം മൂലം ഉറക്കം പോലും നഷ്ടപ്പെട്ട് ഭീതിയോടെ കഴിഞ്ഞ പ്രദേശവാസികൾക്ക് ഇനി മനസമാധാനത്തോടെ അന്തിയുറങ്ങാം. കാരണം ഇവിടെ ടെട്രാപ്പോഡുകളാൽ നിർമ്മിച്ച കടൽഭിത്തി ഉയർന്നു കഴിഞ്ഞു.
ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി വരെയുള്ള ഏഴുകിലോമീറ്റർ ദൂരത്തിലാണ് തീരസുരക്ഷ ഒരുക്കിയിരിക്കുന്നത്. 2.5 ടൺ, 3.5 ടൺ ഭാരങ്ങളിൽ രണ്ട് തരത്തിലുള്ള ഒന്നേകാൽ ലക്ഷത്തോളം ടെട്രാപ്പോഡുകളാണ് സുരക്ഷയുടെ ഈ വൻമതിൽ തീർക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതൽ മുടക്കിലാണ് ചെല്ലാനത്ത് സംരക്ഷണ വലയം ഒരുങ്ങിയത്. ഇതോടെ സംസ്ഥാനത്തെ ആദ്യ മാതൃകാ മത്സ്യ ഗ്രാമമായി ചെല്ലാനം മാറിക്കഴിഞ്ഞു.
കേരളത്തിലെ കടലേറ്റം ഏറ്റവും രൂക്ഷമായ തീരപ്രദേശങ്ങളിലൊന്നായ എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ജീവിതം ഈ വിധം ദുസ്സഹമായിട്ട് വർഷങ്ങൾ ഏറെ കടന്നുപോയി. ഈ നീണ്ട നാളത്തെ ദുരിതത്തിനാണ് ഇപ്പോൾ അറുതികെട്ടിയിരിക്കുന്നത്. 2021 ആഗസ്റ്റിലാണ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 344.2 കോടി രൂപയുടെ ചെല്ലാനം തീര സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്.
പ്രഖ്യാപനം നടപ്പിലായതിൻ്റെ ആശ്വാസത്തിലാണ് ചെല്ലാനം നിവാസികളും. അഞ്ചടി ഉയരത്തിൽ കരിങ്കല്ല് പാകി, അതിന് മുകളിലാണ് ടെട്രാപോഡുകൾ സ്ഥാപിച്ചിരിക്കുന്നത്. വലിയ കടൽക്ഷോഭങ്ങളിൽ പോലും കരയിലേയ്ക്ക് വെള്ളം കടന്നുവരുന്നത് തടയാൻ ഈ സംരക്ഷണ വലയത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. കടൽഭിത്തിക്ക് പുറമെ, വാക് വേയുടെ പ്രവൃത്തിയും നടന്നു വരികയാണ്. ഇതോടെ ചെല്ലാനത്തിന്റെ വർഷങ്ങളുടെ ദുരിതം പഴങ്കഥയിലേയ്ക്ക് തള്ളപ്പെടുകയാണ്.