തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പണം തട്ടിയെടുക്കാൻ കോൺഗ്രസ് ഏജന്റുമാർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ മന്ത്രി അടൂർ പ്രകാശ് എം പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വ്യാജ അപേക്ഷകൾ ഒപ്പിട്ട് ശുപാർശ ചെയ്തതായും കണ്ടെത്തി. ചിറയിൻകീഴിലെ ഏജന്റായ കോൺഗ്രസ് പ്രവർത്തകൻ ബ്രീസ്ലാൽ വഴി നൽകിയ വ്യാജഅപേക്ഷകളിലാണ് അടൂർ പ്രകാശ് ഒപ്പിട്ടത്.
ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലെ ചിറയിൻകീഴ് അഞ്ചുതെങ്ങിൽനിന്നുള്ള 16 വ്യാജ അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. അപേക്ഷകളോടൊപ്പമുള്ള മെഡിക്കൽ രേഖകളും വ്യാജമാണ്. കരൾ രോഗത്തിന് ചികിത്സിക്കുന്നയാൾക്ക് ഹൃദ്രോഗ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചത്.
വ്യാജ അപേക്ഷകൾ കൈകാര്യംചെയ്യാൻ ബ്രീസ്ലാലിൻ്റെ അടുത്ത ബന്ധു ഉൾപ്പെട്ട സംഘം സെക്രട്ടറിയറ്റിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. ബ്രീസ്ലാലിൻ്റെ ഫോൺനമ്പരാണ് വ്യാജ അപേക്ഷകളിൽ ചേർത്തിരിക്കുന്നത്. അപേക്ഷയുടെ സ്ഥിതിയും പണം അനുവദിക്കുന്നതും അടക്കം എല്ലാ വിവരവും വെബ്സൈറ്റിൽനിന്ന് ഇയാൾക്ക് അറിയാനാകും. തുക അനുവദിച്ചാൽ അപേക്ഷകനെ കണ്ട് തൻ്റെ സ്വാധീനത്തിലാണ് പണം അനുവദിച്ചതെന്ന് പറഞ്ഞ് പകുതിയോളം തുക കമീഷനായി വാങ്ങും.
അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിജിലൻസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഒട്ടേറെ പേർക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് പണം ലഭിച്ചതായി മനസിലായതിനെ തുടർന്നാണ് ലൈജു പരാതി നൽകിയത്. പരിശോധനയാൽ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് തട്ടിപ്പുകൾ കണ്ടെത്തിയപ്പോൾ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് വി ഡി സതീശനും മറ്റും രംഗത്തിറങ്ങിയിരുന്നു. എന്നാൽ വ്യാജ അപേക്ഷകളിൽ ഒപ്പിട്ടവരുടെ കുട്ടത്തിൽ പ്രതിപക്ഷ നേതാവും ഉൾപ്പെട്ടതായാണ് കണ്ടെത്തിയത്. യു ഡി എഫ് ഭരണകാലത്ത് ഏജന്റുമാർ മുഖേന കോടിക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നു. ജനസമ്പർക്ക പരിപാടിയുടെ മറവിലായിരുന്നു അന്ന് തട്ടിപ്പ്.