കൽപ്പറ്റ: കേന്ദ്ര എജൻസികളെ ഉപയോഗിച്ച് ബിജെപി സർക്കാർ എങ്ങിനെയാണ് മറ്റ് സംസ്ഥാന സർക്കാരുകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ കോൺഗ്രസുകാർക്കും യുഡിഎഫിനും ഇതുവരെ മനസിലായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൻ്റെ പ്ലീനറി സമ്മേളനത്തിന് പോകാനായി ഡൽഹിയിൽ വിമാനത്തിൽ കയറിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ പുറത്തിറക്കി അറസ്റ്റ് ചെയ്തു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതുകൊണ്ടുമാത്രമാണ് ജയിലിൽ ആകാതിരുന്നത്. എന്നാൽ ഇതൊന്നും കേരളത്തിലെ കോൺഗ്രസുകാർക്ക് മനസിലാകുന്നില്ല. പ്രതിപക്ഷമില്ലാത്ത ഒരു ഇന്ത്യയാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിന് എല്ലാ പ്രതിപക്ഷ സ്വരങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം. അത് സിപിഎമ്മിനും ഇടതുപാർടികൾക്കും മാത്രമല്ല ബാധകം. കേന്ദ്ര ഏജൻസികളെ അതിനായി ഉപയോഗിക്കുകയാണ്. കോൺഗ്രസിൻ്റെ ദേശീയ നേതൃത്വത്തിന് അത് മനസിലായിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഏതെങ്കിലും കേന്ദ്ര ഏജൻസികൾ വന്നാൽ ഇവിടെ കോൺഗ്രസുകാർക്ക് അത് വലിയ ഇഷ്ടമാണ്. തീർത്തും അവസരവാദപരമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
ദുരിതാശ്വാസ സഹായം തട്ടിപ്പ് സംബന്ധിച്ച് പഴുതടച്ച അന്വേഷണവും കടുത്ത നടപടിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്. എങ്ങിനെയും പണം തട്ടാം എന്നതിൻ്റെ ഒരുദാഹരണമാണ് ഇത്. ഗവർമെൻറ് തന്നെ കടുത്ത നിലപാട് സ്വീകരിക്കുന്നുണ്ട്.
ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും തമ്മിൽ എന്താണ് ചർച്ച നടത്തിയതെന്ന് അവർ വെളിപ്പെടുത്തുകയാണ് വേണ്ടത്. വംശഹത്യക്ക് നേതൃത്വം നൽകുന്ന ആർഎസ്എസുമായി എന്തായിരുന്നു ചർച്ച. എന്താണ് ഇവർ തമ്മിലുള്ള അന്തർധാര. അത് വെളിപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ചില പ്രശ്നങ്ങൾ വരുമ്പോൾ സർവ്വ കക്ഷി സമ്മേളനവും അതിൻ്റെ ഭാഗമായി ഉഭയകക്ഷി ചർച്ചയുമെല്ലാം നടക്കാറുണ്ട്. ഇവിടെ എന്തിനായിരുന്നു ഈ ചർച്ച.
വയനാട് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.