ന്യൂഡൽഹി: കോൺഗ്രസിൻ്റെ എൺപത്തിയഞ്ചാം പ്ലീനറി സമ്മേളനം ഛത്തീസ്ഗഢിലെ റായ്പൂരിൽ നാളെ ആരംഭിക്കാനിരിക്കെ തിരിച്ചടിയായി മുതിർന്ന നേതാവിൻ്റെ രാജി. ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ സി രാജഗോപാലാചാരിയുടെ ചെറുമകൻ സിആർ കേശവനാണ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കോൺഗ്രസ് അതിൻ്റെ ആശയങ്ങളിൽ നിന്നെല്ലാം വ്യതിചലിച്ചതായി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് നൽകിയ രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. ഇരുപത് വർഷത്തിലേറെയായി തന്നെ പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ച രാഷ്ട്രീയ മൂല്യങ്ങൾ ഇന്നത്തെ കോൺഗ്രസിനില്ലന്നും അദ്ദേഹം വ്യക്തമാക്കി.
“പാർട്ടിയുടെ ഇന്നത്തെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് കേശവൻ പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നത്. പാർട്ടിക്ക് ആശയാടിത്തറയോ ദിശാബോധമോ ഇല്ലെന്ന് സിആർ കേശവൻ തൻ്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് ഇപ്പോൾ പ്രതിനിധീകരിക്കുന്നത് എന്തിനെയാണ്? പാർട്ടിയുടെ ഇന്നത്തെ നിലപാടുകളെ അംഗീകരിക്കാൻ തൻ്റെ മനസാക്ഷിക്ക് കഴിയില്ലെന്നും കേശവൻ പറയുന്നു. അതുകൊണ്ടാണ് അടുത്തിടെ തനിക്ക് പാർട്ടി നൽകിയ ദേശീയ തലത്തിലുള്ള സംഘടനാ ഉത്തരവാദിത്തം നിരസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി”.