ന്യൂഡൽഹി: പ്രതിമാസ വേതന പരിധി കണക്കിലെടുക്കാതെ ആനുകൂല്യം നൽകാൻ ഇഎസ് ഐ കോർപറേഷൻ തീരുമാനിച്ചെന്ന വ്യാജ വാർത്തയുമായി മലയാള മാധ്യമങ്ങൾ. തിങ്കളാഴ്ച ചണ്ഡീഗഢിൽ ചേർന്ന ബോർഡ് യോഗ തീരുമാനം എന്ന നിലയ്ക്കാണ് ഈ വ്യാജ വാർത്ത വന്നത്. ഇ എസ് ഐ അംഗമായ ശേഷം പ്രതിമാസ വേതനം എത്ര വർധിച്ചാലും ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് മാതൃഭൂമി, മനോരമ, കേരള കൗമുദി തുടങ്ങിയ പത്രങ്ങൾ റിപ്പോർട്ടു ചെയ്തത്. ആജീവനാന്ത പരിരക്ഷ നൽകുന്നതിനെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ഉപസമിതിയെ നിയോഗിച്ചെന്നും ഈ മാധ്യമങ്ങൾ പറയുന്നു.
ഓട്ടോറിക്ഷ തൊഴിലാളികൾ, വീട്ടുജോലിക്കാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർക്ക് ഇഎസ്ഐ അംഗത്വം നൽകുമെന്ന് നേരത്തേ ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നു.
ആജീവനാന്ത പരിരക്ഷ ആലോചനയിലെന്നും ഇത് പഠിക്കാനായി കേന്ദ്ര സർക്കാർ ഉപസമിതിയെ നിയോഗിച്ചെന്നുമാണ് മനോരമ പറയുന്നത്.
ശമ്പള പരിധി കടന്നാലും ഇഎസ്ഐ ആനുകൂല്യം എന്ന് ലീഡ് വാർത്ത നൽകിയ മാതൃഭൂമി പരിധി 25,000 രൂപയാക്കുമെന്നും പറയുന്നു. തൊഴിലാളികളുടെ ശമ്പളം എത്ര ഉയർന്നാലും പരിധി പ്രകാരമുള്ള വിഹിതം അടച്ച് തുടരാമെന്നാണ് കേരള കൗമുദി വാർത്ത. ഇഎസ്ഐ ബോർഡ് അംഗമായ ബിജെപി നേതാവ് വി രാധാകൃഷ്ണനെ ഉദ്ധരിച്ചാണ് വാർത്തകൾ.
ബി എം എസ് ദേശീയ സെക്രട്ടറി കൂടിയാണ് രാധാകൃഷ്ണൻ. യോഗ തീരുമാനങ്ങൾ എന്ന നിലയിൽ ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താ ക്കുറിപ്പിൽ ഇത്തരത്തിൽ തീരുമാനമെടുത്തതായി ഒരു പരാമർശവുമില്ല. എന്നാൽ കേന്ദ്ര സർക്കാർ തൊഴിലാളികൾക്കനുകൂലമായി സുപ്രധാന തീരുമാനമെടുത്തു എന്ന മട്ടിലാണ് കേരളത്തിലെ പത്രങ്ങൾ പ്രചരിപ്പിച്ചത്.
കരാർ തൊഴിലാളികൾക്ക് നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നൽ കാൻ തീരുമാനിച്ചതായും മാധ്യമങ്ങൾ പറയുന്നു.
തൊഴിൽ കരാർവത്കരണനീക്കം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഉപസമിതിറിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചിരുന്നു. നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും ഇഎസ്ഐ ആനുകൂല്യം നൽകണമെന്ന് ഉപസമിതി ശുപാർശയാണ് ബോർഡ് യോഗത്തത്തിൽ പരിഗണനക്കുവന്നത്. കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്ന കരാർവത്കരണത്തിന് നിയമസാധുത നൽകാനുള്ള നീക്കമാണെന്നു കണ്ട് പ്രതിഷേധം ഉയർന്നതോടെ ഈ റിപ്പോർട്ട് മാറ്റിവെക്കുകയാണുണ്ടായത്.
ഇ എസ് ഐ ബോർഡ് അംഗമായ ബി എം എസ് നേതാവ് വി രാധാകൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ പർവതീകരിച്ച് കേന്ദ്ര ഗവൺമെന്റിന് തൊഴിലാളി പ്രേമമെന്ന് ചിത്രീകരിക്കാനുള്ള തീവ്രയത്ന പരിപാടിയിലാണ് മാധ്യമങ്ങൾ.
തിരുവനന്തപുരം: ഇ എസ് ഐ യെ കേരളം അവഗണിക്കുകയാണെന്നു അഞ്ചു വർഷമായി കേരളത്തെ പ്രതിനിധാനം ചെയ്ത് ആരും ഇ എസ് ഐ കോർപഷൻ ബോർഡ് യോഗത്തിൽ പങ്കെടുത്തില്ലെന്നും മാതൃഭുമിയുടെ പരിദേവനം. രാജ്യത്ത് ഇ എസ് ഐ പദ്ധതി കാര്യക്ഷമമായി നടക്കുന്ന കേരളത്തെ കരിവാരിത്തേക്കാനാണ് മാതൃഭ്രമിയുടെ നീക്കം.
കേരളത്തിൽ നിന്ന് ബോർഡിലുള്ളത് ബി ജെ പി നേതാവ് വി രാധാകൃഷ്ണനാണ്. ഏറ്റവും കൂടുതൽ തൊഴലാളികൾ അംഗങ്ങളായ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾ കേരളത്തിൽ നിന്ന് ഇ എസ് ഐ കോർപറേഷൻ ബോർഡിൽ ഇല്ല. സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് തൊഴിൽ വകുപ്പ് സെക്രട്ടറിമാർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. കേരളത്തിൽ നിന്ന് തൊഴിൽ വകുപ്പ് സെക്രട്ടറിമാർ ബോർഡ് യോഗങ്ങളിൽ സംബന്ധിക്കാറുണ്ട്.