മലപ്പുറം: മലപ്പുറം നഗരസഭ കൗൺസിൽ യോഗത്തിനിടെ എൽഡിഎഫ് വനിതാ കൗൺസിലർമാരെയടക്കം ആക്രമിച്ച് മുസ്ലിംലീഗ് കൗൺസിലർമാർ. വി രത്നം, പി.എസ്.എ സബീർ, സി ഷിജു എന്നിവരെ മുസ്ലിംലീഗ് കൗൺസിലർമാർ മർദ്ദിച്ചു. വനിത അംഗങ്ങളെ കൈയ്യേറ്റംചെയ്ത് വസ്ത്രങ്ങൾ വലിച്ച് കീറി.
ഒന്നാംതീയതി നഗരസഭാ ഡ്രൈവർ പി ടി മുകേഷിനെ ലീഗ് കൗൺസിലർമാർ നഗരസഭയിലിട്ട് ആക്രമിച്ച സംഭവവും പിന്നീട് പ്രതികാര നടപടിയുടെ ഭാഗമായി നഗരസഭ ചെയർമാൻ ഡ്രൈവറെ സസ്പെന്റ് ചെയ്തതും ചർച്ചക്കെടുത്തപ്പോഴായിരുന്നു ആക്രമണം. കേസിൽ പ്രതികളായ ലീഗ് കൗൺസിലർമാരെക്കുറിച്ചും ജീവനക്കാർക്ക് നേരെയുള്ള നടപടിയും പരാമർശിച്ചപ്പോഴാണ് ലീഗുകാർ അക്രമം തുടങ്ങിയത്.
മുതിർന്ന കൗൺസിലർമാർക്ക് നേരെയുള്ള കൈയ്യേറ്റം തടയാൻ ശ്രമിച്ചപ്പോഴാണ് വനിതാ അംഗങ്ങളെ മർദ്ദിച്ചത്. സംഘർഷത്തിനും ബഹളത്തിനുമിടെ മറ്റ് എൽഡിഎഫ് കൗൺസിലർമാർ ഇടപെട്ട് അക്രമം തടയുകയായിരുന്നു.