തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി – ആർ എസ് എസ് ചർച്ചയെക്കുറിച്ച് യു ഡി എഫ് നേതാക്കൾ പ്രതികരിക്കാത്തത് എന്തു കൊണ്ടാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വന്നിട്ടും യു ഡി എഫ് നേതൃത്വം ഇതുവരെ പ്രതികരിച്ചു കണ്ടില്ല. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവ് ഇതേ കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. കെപിസിസി പ്രസിഡന്റ് കോൺഗ്രസ് നിലപാട് പറഞ്ഞിട്ടില്ല.
കേരളത്തിലെ മുസ്ലീം സംഘടനകളും പണ്ഢിത നേതൃത്വങ്ങളും ഈ ചർച്ചക്കെതിരെ നിലപാട് സ്വീകരിച്ചു. സുപ്രഭാതം പോലുള്ള പത്രങ്ങളും ഇതിനെതിരെ ശക്തമായ നിലപാട് എടുത്തു. എന്നാൽ ലീഗ് ഒരക്ഷരം മിണ്ടിയിട്ടില്ല, ലീഗ് ദിനപത്രമായ ചന്ദ്രികയിൽ പ്രതികരണമൊന്നും വന്നിട്ടില്ല. യുഡിഎഫ് നേതാക്കളുടെ മൗനം, യുഡിഎഫിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന, മതരാഷ്ട്രവാദത്തിനെതിരെ ശക്തമായി പ്രവർത്തിക്കുന്ന മതനിരപേക്ഷ മനസുകളെ വഞ്ചിക്കുന്നതിന് തുല്ല്യമാണ്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർഭരണം ദഹിക്കാത്ത ചില സംഘങ്ങൾ എല്ലാവരേയും യോജിപ്പിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. ഈ ചർച്ചകൾക്ക് പിന്നിൽ അത്തരം ഒരു ശ്രമം ഉണ്ടോ എന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമിയുടെ തണലിൽ വിലസുന്ന രാഷ്ട്രീയ പാർട്ടി യു ഡി എഫിന് പരസ്യമായും രഹസ്യമായും ഒക്കെ പിന്തുണ നൽകുകയാണ്. ഈ ഘട്ടത്തിൽ ഇത് കൂട്ടി വായിക്കപ്പെടേണ്ടതാണ്.
ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും മതരാഷ്ട്രവാദത്തെ തള്ളുന്നവരല്ല. രണ്ടു പേരും അവരുടെ നിലപാടുകൾ പ്രഖ്യാപിച്ചവരാണെന്നും മന്ത്രി പറഞ്ഞു