കറുപ്പ് വിലക്കിയെന്ന വാർത്താ ദൃശ്യങ്ങളിൽ കറുപ്പ് വസ്ത്രം ധരിച്ചവരും
കോഴിക്കോട്: കോഴിക്കോട്ട് സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ കറുത്ത വസ്ത്രവും കറുത്ത മാസ്കും വിലക്കിയെന്ന പെരുംനുണയുമായി മാതൃഭുമിയും മനോരമയും അടക്കമുള്ള മാധ്യമങ്ങൾ. ചാനലിലും ഓൺലൈൻ എഡിഷനുകളിലും ഞായറാഴ്ച കാലത്തു മുതൽ ഈ പെരുങ്കള്ളം എഴുന്നെള്ളിച്ച് ആറാടുകയായിരുന്നു അവതാരകരും റിപ്പോർട്ടർമാരും. വൈകാതെ ഓൺലൈൻ എഡിഷനുകളിലും ഇതേ കള്ള വാർത്ത പ്രസിദ്ധപ്പെടുത്തി.
കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലാണ് ജൈവ വൈവിധ്യ കോൺഗ്രസ് നടക്കുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനാൽ പരിപാടിയിൽ കറുപ്പ് നിറം നിരോധിച്ചു എന്ന മട്ടിലായിരുന്നു മാധ്യമപ്രചാരണം.. “കറുപ്പിന് വിലക്ക് “എന്ന തലക്കെട്ടിൽ മാതൃഭൂമി ഉറഞ്ഞുതുള്ളിയപ്പോൾ “കറുത്ത വസ്ത്രത്തിന് വിലക്ക്; കറുത്ത മാസ്കും വിലക്കി ” എന്നായിരുന്നു മനോരമയുടെ വിലാപം.
ചാനലുകളിൽ ഈ നുണ വിളിച്ചു കൂവി വിശകലനം നടത്തുന്നതിനിടെ കാണിച്ചു കൊണ്ടിരുന്ന ദൃശ്യങ്ങളിൽ കറുത്ത വസ്ത്രമണിഞ്ഞ് സദസിൽ ഇരിക്കുന്നവരെയും വ്യക്തമായി കാണാമായിരുന്നു. അപൂർവം ചിലർ മാത്രമാണ് മാസ്ക് ധരിച്ചിരുന്നതെന്നും ഈ ദൃശ്യങ്ങർ വ്യക്തമാക്കുന്നു. എന്നാൽ, ഇതൊന്നും ഗൗനിക്കാതെ ചാനൽ ആർപ്പുവിളിക്കാർ വ്യാജ പ്രചാരണം തുടരുകയാണ് ചെയ്തത്. അതിനു പിന്നാലെ ഓൺലൈനിലും ഇതേ നുണ ഒഴുക്കി വിട്ടു.
രണ്ടു രൂപ ഇന്ധന സെസിൻ്റെ പേരിൽ കോൺഗ്രസ് നടത്തുന്ന കരിങ്കൊടി കാട്ടലിന് എങ്ങിനെയെങ്കിലും എരിവു പകരാനുള്ള തത്രപ്പാടിലാണ് മനോരമ – മാതൃഭൂമിയാദി മാധ്യമങ്ങൾ. ഇതിനായി ആസൂത്രിതമായി ചുട്ടെടുത്തതാണ് കറുപ്പിന് വിലക്ക് വാർത്ത. കോൺഗ്രസുകാരെ കരുതൽ തടങ്കലിലാക്കി എന്ന ഞെട്ടിക്കുന്ന വാർത്താ വിസ്ഫോടനവും ഇതിനൊപ്പമുണ്ട്. രണ്ടോ മൂന്നോ പേരെ ഒരുക്കി നിർത്തി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് എടുത്തു ചാടിക്കലാണ് ഇവരുടെ പ്രതിഷേധ പരിപാടി, വേഗതയിൽ വരുന്ന വാഹനങ്ങൾ ഒരാളെയെങ്കിലും ഇടിച്ചു വീഴ്ത്തണമെന്ന് ചില കോൺഗ്രസ് നേതാക്കൾക്ക് അതിയായ മോഹമുണ്ട്. മാധ്യമങ്ങളും അതിനായുള്ള കാത്തിരിപ്പിലാണ്. ഇതിനായി ഒരുക്കി വിടുന്ന വർ അങ്ങുമിങ്ങും പതുങ്ങി നിൽക്കുമ്പോഴാണ് പൊലീസിന്റെ പിടി വീഴുന്നത്. പ്രതീക്ഷയറ്റ കോൺഗ്രസ് നേതാക്കളുടെയും മാധ്യമങ്ങളുടെയും മോഹഭംഗമാണ് കരുതൽ തടങ്കൽ എന്ന പേരിൽ പുറത്തേക്ക് വമിക്കുന്നത്.
യു ഡി എഫ് ഭരണകാലത്ത് 2011 ൽ കല്പറ്റ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ അന്നത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ പോയ ആദിവാസി സ്ത്രീകളുടെ ആ ചാരവസ്ത്രം അഴിപ്പിച്ച വർ ഇപ്പോൾ കറുപ്പ് വിലക്കെന്ന് അലമുറയിടുന്നു. ആദിവാസി സ്ത്രീകൾ വസ്ത്രത്തിനു മുകളിലായി അരയിൽ ധരിക്കുന്ന കച്ചയാണ് കറുപ്പ് നിറമാണെന്ന പേരിൽ അന്ന് പൊലിസ് അഴിപ്പിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് അവഹേളിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാപരമായ കാരണങ്ങളാൽ കച്ച അഴിപ്പിച്ചു എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭയിലെ വിശദീകരണം.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുമ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയുമായി വന്ന ആംബുലൻസ് തടഞ്ഞിട്ടപ്പോഴും ഈ മാധ്യമ വിലാപകാവ്യക്കാരെ ആരും കണ്ടിട്ടില്ല.