കോഴിക്കോട്: ട്രാൻസ്ജെന്റർ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സലാം. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിൻ്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു.
ട്രാൻസ്ജെന്റർ പ്രസവം ആഘോഷിച്ചുവെന്ന് പറഞ്ഞ് മാധ്യമങ്ങളെ സലാം കുറ്റപ്പെടുത്തി. വ്യാജ മാനസിക അവസ്ഥയാണ് ഇത്. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകും. ഇതാണ് പുരോഗമനം എന്നു പറയുന്നത്. സ്വതന്ത്ര ലൈംഗികത കൊണ്ടുവന്ന് ക്യാമ്പസുകളിൽ ആളെ കൂട്ടാനാണ് എസ് എഫ് ഐ ശ്രമിക്കുന്നതെന്നും സലാം ആക്ഷേപിച്ചു.
നേരത്തെ ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് ലീഗ് നേതാവ് കെ എം ഷാജി രംഗത്തെത്തിയിരുന്നു. ജെന്റർ ന്യൂട്രാലിറ്റി തെറ്റായ സന്ദേശമാണ് നൽകുന്നത്. ജെന്റർ ന്യൂട്രാലിറ്റി മത വിശ്വാസത്തിന് എതിരാണെന്നും എൽജിബിടിക്യു സമൂഹം നാട്ടിൽ തല്ലിപ്പൊളി പണിയെടുക്കുന്നവരാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നുമൊക്കെയായിരുന്നു ഷാജിയുടെ പരാമർശങ്ങൾ.