തിരുവനന്തപുരം : 43-ാമത് നിക്ഷേപസമാഹരണ യജ്ഞത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20 രാവിലെ 10 ന് മലപ്പുറം മുൻസിപ്പൽ ടൗൺഹാളിൽ നടക്കും.
കായിക വഖഫ് വകുപ്പ് മന്ത്രി അബ്ദുറഹിമാൻ്റെ അദ്ധ്യക്ഷതയിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സഹകാരിസാന്ത്വനം, അംഗത്വസമാശ്വാസം എന്നീ പദ്ധതികളുടെ ആനുകൂല്യ വിതരണവും കേരള ബാങ്കിൻ്റെ മലപ്പുറം ജില്ലയിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
“സഹകരണ നിക്ഷേപം കേരളവികസനത്തിന്” എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന നിക്ഷേപ സമാഹരണത്തിൽ 9000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നു.
സഹകാരിസാന്ത്വനം
സഹകാരി സാന്ത്വനംപദ്ധതിയിൽ നൽകുന്ന ധനസഹായം 83.60 ലക്ഷം രൂപയിലേക്ക് കടക്കുകയാണ്. സംസ്ഥാന തലത്തിലോ, ജില്ലാതലത്തിലോ, സർക്കിൾ തലത്തിലോ സഹകരണ മേഖലയുടെ പുരോഗതിക്ക് വേണ്ടി പ്രയത്നിച്ച നിരാലംബരായ സഹകാരികൾക്ക് രോഗശുശ്രൂഷയ്കും ചികിത്സയ്ക്കുമാണ് ധനസഹായം നൽകുന്നത്. സഹകാരികൾ മരിച്ചാൽ ആശ്രിതർക്കും സഹായത്തിന് അർഹതയുണ്ട്.
പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 26 പേർക്ക് 6.95 ലക്ഷം രൂപ ധനസഹായം നൽകി. രണ്ടാംഘട്ടത്തിൽ 307 പേർക്ക് 76.65 ലക്ഷം രൂപയുടെ ധനസഹായമാണ് തിങ്കളാഴ്ച്ച മലപ്പുറത്ത് പ്രഖ്യാപിക്കുന്നത്.
അംഗത്വ സമാശ്വാസനിധി
സംഘങ്ങളിലെ അംഗങ്ങളിൽ രോഗംമൂലം അവശത അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഏർപ്പെടുത്തിയ അംഗത്വ സമാശ്വാസനിധിയിലൂടെ ഇതുവരെ 46.87 കോടി രൂപ വിതരണം ചെയ്തു. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 2021 ജൂൺ മാസത്തിൽ മെമ്പർ റിലീഫ് ഫണ്ടിന്റെ ഒന്നാം ഘട്ടമായി 11194 പേർക്ക് 23.94 കോടി രൂപ വിതരണം നവംബറിൽ രണ്ടാംഘട്ടത്തിൽ 11060 പേർക്ക് 22.93 കോടി രൂപയും നൽകി. മൂന്നാംഘട്ടത്തിൽ 4982 പേർക്ക് 10.15 കോടി രൂപയുടെ ധനസഹായമാണ് മലപ്പുറത്ത് പ്രഖ്യാപിക്കുന്നത്.