ന്യൂഡൽഹി: അദാനിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ഹിൻഡൻ ബർഗ് റിപ്പോർട്ടിനെ തുടർന് ഓഹരി വിപണിയിലുണ്ടായ തകർച്ചയെ കുറിച്ച് അന്വേഷിക്കാൻ നേരിട്ട് സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി. വിദഗ്ധ സമിതി അംഗങ്ങളുടെ പേരുൾപ്പെടെ കേന്ദ്ര സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച നിർദ്ദേശങ്ങൾ സുപ്രീം കോടതി തള്ളി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോറിക്കു മെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹിൻഡൻ ബർഗ് റിപ്പോർട്ടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന കേന്ദ്ര സർക്കാരിൻ്റെ ആവശ്യവും കോടതി തള്ളി.
സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് കേന്ദ്രവും സെബിയ്യം ആവശ്യപ്പെട്ടു. മുദ്ര വെച്ച കവറിൽ നിർദ്ദേശങ്ങൾ കൈമാറുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ മുദ്ര വെച്ച കവറിൽ നിർദ്ദേശങ്ങൾ വേണ്ടെന്ന് കോടതി വ്യക്തമാക്കി. സമിതി അംഗങ്ങളുടെ പേര് രഹസ്യമാക്കി വെക്കുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. വിഷയത്തിൽ പൂർണമായ സുതാര്യത വേണം. വിവരങ്ങൾ വെളിപ്പെടുത്താനും കോടതി നിർദ്ദേശിച്ചു. സർക്കാർ നൽകിയ പേരുകൾ അംഗീകരിച്ചാൽ അത് സർക്കാരിൻ്റെ സമിതിയായി മാറുമെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.
ഹിൻഡൻ ബർഗ് റിപ്പോർട്ടുണ്ടാക്കിയ ആഘാതമടക്കമുള്ള വിഷയങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടും.