തിരുവനന്തപുരം: കേരളത്തെ പ്രതിനിധീകരിക്കുന്ന യുഡിഎഫിൻ്റെ 18 എംപിമാരോട് 18 ചോദ്യങ്ങളുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സംസ്ഥാന ബജറ്റിൻ്റെ പേരിൽ കോൺഗ്രസ് വ്യാപക അക്രമ സമരം നടത്തുകയും കേന്ദ്ര നയങ്ങൾക്കെതിരെ മൗനം പാലിക്കുകയും ചെയ്യുമ്പോഴാണ് ഫേസ് ബുക്കിൽ ജയരാജൻ്റെ ചോദ്യശരങ്ങൾ.
കേന്ദ്ര ബജറ്റിൽ കേരളത്തിന് 19662 കോടി രൂപയും യു.പി.ക്ക് 2.44 ലക്ഷം കോടിയും അനുവദിച്ചതിലെ വിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ തയ്യാറുണ്ടോ എന്നതാണ് ആദ്യ ചോദ്യം. ശേഷം കണ്ണടച്ച് ഇരുട്ടാക്കുന്ന കോൺഗ്രസിൻ്റെ ഒളിച്ചുകളികളെ പൊളിക്കുന്ന ചോദ്യങ്ങളാണ് എം വി ജയരാജൻ ഉയർത്തുന്നത്.
കുറിപ്പ്;
18 യുഡിഎഫ് എം.പി.മാരോട് 18 ചോദ്യങ്ങൾ
================
1. കേന്ദ്ര ബജറ്റിൽ കേരളത്തിന് 19662 കോടി രൂപയും യു.പി.ക്ക് 2.44 ലക്ഷം കോടിയും അനുവദിച്ചതിലെ വിവേചനത്തിനെതിരെ പ്രതിഷേധിക്കാൻ തയ്യാറുണ്ടോ?
2. 10-ാം ധനകാര്യ കമ്മീഷൻ 3.8 ശതമാനം നികുതി വിഹിതം കേരളത്തിന് നൽകാൻ ശുപാർശ ചെയ്തപ്പോൾ 15-ാം ധനകാര്യ കമ്മീഷൻ 1.9 ശതമാനമായി വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതികരിക്കാൻ തയ്യാറുണ്ടോ?
3. കേന്ദ്ര ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അനുവദിച്ച ഫണ്ടിൽ 18000 കോടി രൂപയുടെ കുറവുള്ള കാര്യം അറിയാമോ?
4. ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കുന്നതിനെതിരെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിഷേധിച്ച കാര്യം ശ്രദ്ധയിൽപെട്ടിരുന്നുവോ?
5. ജിഎസ്ടി നഷ്ടപരിഹാരം 2022 ജൂലൈ 1 മുതൽ നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രംഗത്തിറങ്ങുമോ?
6. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയത് മൂലം കേരളത്തിന് 12000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന കാര്യം എം.പി.മാരുടെ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടും ഈ പ്രശ്നം പാർലമെന്റിൽ എന്തുകൊണ്ട് ഉന്നയിച്ചില്ല?
7. ജിഎസ്ടി കുടിശ്ശികയല്ല, നഷ്ടപരിഹാരം നിർത്തലാക്കരുതെന്ന പ്രശ്നമാണ് കേരളമുന്നയിക്കുന്നതെന്ന കാര്യം എന്തുകൊണ്ടാണ് മറച്ചുവെച്ചത്?
8. തർക്കമില്ലാത്ത കാര്യങ്ങളിൽ തർക്കമുണ്ടെന്ന് വരുത്തി യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണോ കൊല്ലം എംപിയുടെ ചോദ്യം?
9. ഭരണഘടനയുടെ അനുഛേദം 275 പ്രകാരമുള്ള ഗ്രാന്റുകൾ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതല്ലേ? റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഇനത്തിൽ കേരളത്തിന് അർഹതപ്പെട്ട 7000 കോടി രൂപ അനുവദിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമോ?
10. പ്രകൃതിദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധിയുടെ ഫലമായി സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ 5 വർഷത്തേക്ക് ജിഎസ്ടി നഷ്ടപരിഹാരം ദീർഘിപ്പിക്കണമെന്ന അഭിപ്രായമുണ്ടോ?
11. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം 75 ശതമാനത്തിൽ നിന്നും 60 ശതമാനമാക്കി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച നടപടിക്കെതിരെ എന്തുകൊണ്ട് പാർലമെന്റിൽ പ്രതികരിച്ചില്ല.
12. കിഫ്ബി വായ്പയും പെൻഷൻ കമ്പനി വായ്പയും സംസ്ഥാന കടം പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടുമോ?
13. ”ഓഫ് ബജറ്റ് ബോറോയിങ്ങ്” ആയിട്ടാണ് കേന്ദ്രസർക്കാറിൻ്റെ കീഴിലുള്ള എൻ.എച്ച്.എ.ഐ., എൻ.ടി.പി.സി., തുടങ്ങിയ സ്ഥാപനങ്ങളുടെ വായ്പകളെ പരിഗണിക്കുന്നത്. അതുപോലെ സംസ്ഥാന സ്ഥാപനങ്ങളുടെ വായ്പയും കേന്ദ്രം പരിഗണിക്കേണ്ടതല്ലേ?
14. സംസ്ഥാന ബജറ്റിൽ എല്ലാ മേഖലകളിലും മുൻ ബജറ്റിൽ വകയിരുത്തിയതിനെക്കാൾ കൂടുതൽ തുക നീക്കിവെച്ചപ്പോൾ കേന്ദ്രം പെട്രോളിയം-വളം-ഭക്ഷ്യ സബ്സിഡിയും കാർഷികമേഖലയിലും തുക വെട്ടിക്കുറച്ചതിനെതിരെ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിക്കുമോ?
15. തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറു ദിവസം തൊഴിൽ കൊടുക്കാൻ 2.76 ലക്ഷം കോടി രൂപ വേണം. അനുവദിച്ചത് 60000 കോടി മാത്രം. ഇതിനെതിരെ സമരം നടത്താൻ തയ്യാറുണ്ടോ?
16. കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്നും 22 ശതമാനമായി കുറച്ചതിനെതിരെ സമരം നടത്താൻ തയ്യാറുണ്ടോ?
17. സംസ്ഥാനങ്ങൾക്ക് യാതൊരു വിഹിതവും നൽകാതെ പെട്രോൾ സെസ് 20 രൂപ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാറിനെതിരെ പാർലമെന്റിൽ കുത്തിയിരിപ്പ് സമരം നടത്തുമോ?
18. എയിംസ്, കോച്ച് ഫാക്ടറി, റെയിൽവേ സോൺ, ശബരി റെയിൽപാത, ശബരി മല എയർപോർട്ട്, കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാനകമ്പനികളുടെ സർവീസ് അനുവദിക്കൽ, റബ്ബർ കൃഷിക്കാരെയും മത്സ്യത്തൊഴിലാളികളെയും സഹായിക്കാനുള്ള നടപടികൾ തുടങ്ങി കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന വികസന പദ്ധതികൾക്ക് വേണ്ടി ശബ്ദമുയർത്തുമോ?
എം.വി. ജയരാജൻ