ന്യൂഡൽഹി: മൂന്നു ദിവസത്തെ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനു പിന്നാലെ പ്രതികരണവുമായി ബി.ബി.സി. ഭയമോ പക്ഷഭേദമോ കൂടാതെ റിപ്പോർട്ട് ചെയ്യുന്നത് തുടരും. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ മൂന്നു ദിവസത്തോളമാണ് റെയ്ഡ് നീണ്ടത്.
‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലെ പരിശോധന പൂർത്തിയാക്കി. അധികാരികളുമായി ഞങ്ങൾ സഹകരിക്കുന്നത് തുടരും. എത്രയും വേഗം കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജീവനക്കാരെ ഞങ്ങൾ പിന്തുണയ്ക്കുന്നു. അവരിൽ ചിലർക്ക് ദീർഘമായ ചോദ്യംചെയ്യൽ നേരിടേണ്ടിവരികയോ രാത്രി തങ്ങേണ്ടി വരികയോ ചെയ്തിട്ടുണ്ട്. അവരുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ മുൻഗണന. ബിബിസി വിശ്വസനീയവും സ്വതന്ത്രവുമായ ഒരു മാധ്യമ സ്ഥാപനമാണ്. ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവർത്തനം തുടരും, ജീവനക്കാർക്ക് പിന്തുണയുണ്ടാകും’- ബിബിസി ട്വീറ്റ് ചെയ്തു.