തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചാ നിരക്ക് റെക്കോഡ് ഉയരത്തിലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 2021-22 ൽ 17.3 ശതമാനമാണ് വ്യസായവളർച്ചാ നിരക്ക്. കോവിഡിനു ശേഷം കേരളത്തിൻ്റെ വ്യവസായ മേഖലയുടെ വളർച്ച നിരക്ക് കുതിച്ചുയർന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം:
റെക്കോഡ് ഉയരത്തിലാണ് കേരളത്തിൻ്റെ വ്യവസായ വളർച്ചാ നിരക്ക്. 17.3 ശതമാനമാണത് 2021-22 ൽ. ഇതു പോലെ അതിപ്രധാനമായ ചില കണക്കുകൾ ഇത്തവണത്തെ ബജറ്റിലും ഇക്കണോമിക് റിവ്യൂവിലും പറഞ്ഞിട്ടുണ്ട്. കേരളത്തിൻ്റെ വ്യവസായ മേഖലയുടെ വളർച്ച നിരക്ക് കോവിഡാനന്തര ഘട്ടത്തിൽ അതിവേഗം കുതിച്ചുയർന്നു എന്നാണ് റിവ്യൂ റിപ്പോർട്ട് വിലയിരുത്തുന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്.
ഇതിൽ തന്നെ ഉൽപ്പാദനമേഖലയുടെ വളർച്ച പ്രത്യേകമെടുത്താൽ അത് 18.9 ശതമാനമാണ്. കേരളത്തിൽ ഫാക്ടറി തുടങ്ങാൻ സംരംഭകർക്ക് മടിയാണെന്ന പ്രചരണങ്ങൾക്ക് നേരെ വിപരീതമാണ് യാഥാർഥ്യമെന്നർത്ഥം.
ദേശീയാടിസ്ഥാനത്തിൽ ഉൽപ്പാദനമേഖലയുടെ വളർച്ച 18.16 ശതമാനമാണ്. അതായത്, കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും ഈ മേഖലയുടെ വളർച്ച ഏറെക്കുറെ ഒരേ തോതിലാണെന്നാണ്. 2014-15 ലെ 9.78 ശതമാനത്തിൽ നിന്നാണ് കേരളത്തിൻ്റെ മാനുഫാക്ചറിംഗ് മേഖലയുടെ വളർച്ച 18.9 ലെത്തിയത്. മാത്രമല്ല; ഇന്ത്യയുടെ ഫാക്ടറി മേഖലയിൽ കേരളത്തിൻ്റെ പങ്ക് 2014-15 ലെ 1.2 ശതമാനത്തിൽ നിന്ന് 2018 -19 ൽ 1.52 ശതമാനമായി ഉയരുകയും ചെയ്തു.