പരിയാരം: കുടിവെള്ളം നിലച്ചതിനെ തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും നേരിട്ട ദുരിതത്തിന് അറുതി വരുത്തി കല്യാശ്ശേരി എംഎൽഎ എം വിജിൻ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് എംഎൽഎയുടെ ഇടപെടലിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ തകരാറുകൾ പരിഹരിച്ച് കുടിവെള്ളമെത്തിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടും നടപ്പായില്ല. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും എംഎൽഎയ്ക്കരികിൽ പരാതിയുമായി എത്തി.
വിജിൻ രാത്രിയോടെ മെഡിക്കൽ കോളേജിലെത്തി. വിവരങ്ങൾ നേരിട്ടന്വേഷിച്ചപ്പോൾ 9 മണിയോടെ വെള്ളം എത്തുമെന്ന് മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ എഞ്ചിനീയർമാർ അറിയിച്ചു. തിരിച്ചുപോകവെ വിളയാങ്കോട്ടെത്തിയ എം.എൽ.എ രണ്ടുപേർ പൈപ്പുകളുടെ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ട് അവിടെ നിർത്തി അന്വേഷിച്ചപ്പോഴാണ് കുടിവെള്ളം പുന:സ്ഥാപിക്കൽ മന്ദഗതിയിലാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ മെഡിക്കൽ കോളേജിലേക്ക് തിരിച്ചെത്തിയ എം.എൽ.എ വാട്ടർ ടാങ്കിന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. ടാങ്കിൽ വെള്ളം എത്തിയാൽ മാത്രമേ സത്യാഗ്രഹം അവസാനിപ്പിക്കൂ എന്ന നിലപാട് എംഎൽഎ സ്വീകരിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി.
എഞ്ചിനീയർമാർ ഉൾപ്പെടെ സ്ഥലത്തെത്തി കുടിവെള്ളം പുന:സ്ഥാപിക്കലിന് വേഗത കൂട്ടി. പുലർച്ചെ മൂന്നോടെയാണ് മെഡിക്കൽ കോളേജിലെ പ്രധാന ടാങ്കിലേക്ക് വെള്ളം എത്തിയത്. പ്രശ്നം പരിഹരിച്ച ശേഷമാണ് സത്യാഗ്രഹം അവസാനിപ്പിച്ച് മടങ്ങാൻ എംഎൽഎ തയ്യാറായത്. വെള്ളം ഇല്ലാത്തതിനാൽ ഇന്നലെ ഡയാലിസിസും ശസ്ത്രക്രിയകളും ഉൾപ്പെടെ മാറ്റിവെച്ചിരുന്നു.