ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഫെബ്രുവരി 19 ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഹരജി പരിഗണിച്ചത്. സമാനമായ രണ്ട് ഹരജികൾ ഫെബ്രുവരി 17 ന് പരിഗണിക്കുന്നുണ്ട്. മധ്യപ്രദേശിൽ നിന്നുള്ള മഹിളാ കോൺഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹരജി സമർപ്പിച്ചത്.
അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വിപണി വിലയേക്കാളും ഉയർന്ന തുകയ്ക്ക് വാങ്ങിയ എസ്ബിഐ, എൽഐസി എന്നിവയ്ക്ക് എതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡി, സിബിഐ, ഡിആർഐ, സെബി, ആർബിഐ തുടങ്ങി വിവിധ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അന്വേഷണത്തിന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി മേൽനോട്ടം വഹിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.