ന്യൂഡൽഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ്റെ (ബിബിസി) ഓഫീസുകളിൽ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിപ്പെടുത്തി കൊണ്ടും, മുസ്ലിം വിരുദ്ധതയിൽ മുൻപോട്ട് പോകുന്ന സംഘപരിവാർ അജണ്ടയും വ്യക്തമാക്കി കൊണ്ടുള്ള ഡോക്യുമെന്ററി എത്തിയതിന് പിന്നാലെയാണ് ആദായ വകുപ്പിന്റെ നടപടി.
ബിബിസിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്. പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതരുടെ വിശദീകരണം. നേരത്തെ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് രാജ്യത്ത് സംഘപരിവാർ നടത്തി വന്നത്.
ഡോക്യുമെന്ററി പ്രദർശിപ്പിച്ച പലയിടങ്ങളിലും കല്ലേറും അക്രമവും നടത്തിയത് രാജ്യം കണ്ടതാണ്. സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികളെ മർദ്ദിച്ചും അറസ്റ്റ് ചെയ്തും വലിയ കോലാഹളമാണ് സൃഷ്ടിച്ചത്. ഇന്നും രാജ്യത്തിന്റെ പലയിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം തുടരുകയാണ്. ഡിവൈഎഫ്ഐ സംഘടന പലയിടങ്ങളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.