മുപ്പതോളം ഇടങ്ങളിൽ മലിനീകരണം വർധിച്ചു
ന്യൂഡൽഹി: ‘നമാമി ഗംഗേ’ എന്ന പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ഗംഗാ നദി ശുചീകരണ പദ്ധതിയുടെ മറവിൽ ഒഴുക്കിയത് 13,000 കോടി രൂപ. പദ്ധതി ആരംഭിച്ച് അഞ്ചു വർഷമായെങ്കിലും ഗംഗാനദി മലിനമായി തുടരുകയാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം തുറന്നു സമ്മതിച്ചു. രാജ്യസഭയിൽ ഡോ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഗംഗാ നദി മാലിന്യമയമാനെന്ന് കേ ന്ദ്ര സർക്കാരിന്റെ കുറ്റസമ്മതം.
2014 ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ ചിലവായത് 12,833 കോടി രൂപയാണ്. 97 ഇടങ്ങളിൽ ഗംഗയുടെ ജലത്തിന്റെ ഗുണനിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അളക്കുന്നുണ്ട്. ഇതിൽ 71 ഇടത്തും മാലിന്യം അഭിലഷണീയമായ പരിധിയിലും വളരെ കൂടുതലാണ്.
ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ അനുവദനീയമായ പരിധി 500 / 100 മി ലി ആണ്. ഏറ്റവും കൂടുതൽ പണം മുടക്കിയ പ്രയാഗ് രാജിൽ പോലും 680 ആണ് ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ അളവ്. പ്രയാഗ്രാജിന് ശേഷമുള്ള പരിശോധനാ കേന്ദ്രമായ മിർസാപൂരിൽ, ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ അളവ് 2017 ൽ 1700 ആയിരുന്നത് 2022 ൽ 13000 ആയി വർധിക്കുകയാണുണ്ടായത്.
മുപ്പതോളം മെഷറിങ് സ്റ്റേഷനിൽ മാലിന്യത്തിന്റെ തോത് പരിധി വിട്ട് ഉയർന്നതായി മന്ത്രാലയം നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. ബക്സർ , പാറ്റ്ന , ത്രിവേണിഘട്ട്, ഭാഗൽപൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആറു മുതൽ രണ്ട് ഇരട്ടി വരെയാണ് വർധന.