പുൽപ്പള്ളി: ഇരു വൃക്കകളും തകരാറിലായ യുവതിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് വയനാട് ചീയമ്പം പള്ളിപ്പടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ മണികണ്ഠൻ. മുപ്പത്തിനാലുകാരനായ മണികണ്ഠൻ ഫെബ്രുവരി നാലിനാണ് കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ മുപ്പത്തിയേഴുകാരിക്ക് വൃക്കനൽകിയത്. പുൽപ്പള്ളി ചീയമ്പം മാധവമംഗലത്ത് രാജേന്ദ്രൻ–-മഹേശ്വരി ദമ്പതികളുടെ മകനാണ് മണികണ്ഠൻ. ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറിയുമാണ്. ശസ്ത്രക്രിയക്കുശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഇരു വൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയ രണ്ടുമക്കളുടെ ഉമ്മകൂടിയായ യുവതിയാണ് മണികണ്ഠൻ്റെ മഹാമനസ്കതയിൽ ജീവിതസ്വപ്നം കാണുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
2014ൽ ഡിവൈഎഫ്ഐ നടത്തിയ മെഡിക്കൽ ക്യാമ്പിൽ മണികണ്ഠൻ നൽകിയ അവയവദാന സമ്മതപത്രമാണ് ഇവർക്ക് വൃക്കലഭിക്കാൻ ഇടയാക്കിയത്. സമ്മതപത്രത്തിൻ്റെ അടിസ്ഥാനത്തിൽ എട്ട് മാസംമുമ്പാണ് വൃക്ക ദാനംചെയ്യാൻ സമ്മതമാണോയെന്ന അന്വേഷണമെത്തുന്നത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ മണികണ്ഠൻ സമ്മതം അറിയിച്ചു. പരിശോധനകളിൽ വൃക്ക യോജിച്ചതാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് അച്ഛനും അമ്മയുമായും സംസാരിച്ചു. ആദ്യം എതിർത്തെങ്കിലും വൃക്ക ദാനംചെയ്തവരുടെ വീഡിയോ ഉൾപ്പെടെ കാണിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇവർക്കും സമ്മതമായതോടെ വൃക്കനൽകാനുള്ള നിയമനടപടികളായി.
ആശുപത്രി അധികൃതരുടെ നിർദേശാനുസരണം മൂന്ന് മാസമായി ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു. രോഗങ്ങൾ വരാതെ ശ്രദ്ധിച്ചു. ശീലങ്ങളും ഭക്ഷണവും ക്രമീകരിച്ചു. മാർച്ച് മുപ്പതിനായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചത്. യുവതിയുടെ ആരോഗ്യനില മോശമായതോടെ നേരത്തെയാക്കി. തൻ്റെ വൃക്ക പൂർണമായും അവരിൽ പ്രവർത്തിക്കുന്ന വിവരത്തിനായി കാത്തിരിക്കയാണ് മണികണ്ഠൻ. റെഡിമെയ്ഡ് വസ്ത്രങ്ങൾ കടകളിൽ വിൽക്കുന്ന തൊഴിലാളിയാണ് മണികണ്ഠൻ.