തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമുള്ള അഞ്ചു ശതമാനം വെള്ളക്കരം വർധന നടപ്പാക്കേണ്ടതില്ലെന്ന് വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കേന്ദ്ര നിർദേശം അനുസരിച്ചാണ് വർഷം തോറും അഞ്ചു ശതമാനം വീതം വെള്ളക്കരം വർധിപ്പിക്കുന്നത്. അധിക വായ്പ അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വ്യവസ്ഥയാണിത്.
നിലവിൽ വെള്ളക്കരം ഉയർത്തിയ സാഹചര്യത്തിൽ അഞ്ചു ശതമാനം വർധന നടപ്പാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫും ബി ജെ പി യും നടത്തുന്ന സമരത്തിന് എരിവു പകരാനാണ് വെള്ളം കൂടുതൽ പൊള്ളുമെന്ന വാർത്തയുമായി മനോരമ രംഗത്തുവന്നത്. അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്രസർക്കാർ വ്യവസ്ഥപ്രകാരം വെള്ളക്കരത്തിൽ വർഷം തോറും അഞ്ചു ശതമാനം വർധനവ് വരുത്താൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥമാണ്. വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ശുദ്ധജലത്തിന് ലീറ്ററിന് ഒരു പൈസ വീതം കരം വർധിപ്പിച്ച സാഹചര്യത്തിൽ അഞ്ചു ശതമാനം വർധന ഉണ്ടാവില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ വർധന ഉറപ്പിച്ചു എന്ന നിലയ്ക്കാണ് മനോരമ വാർത്ത നൽകിയത്.
സൗജന്യമായി കുടിവെള്ളം ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഏപ്രിൽ മുതൽ എട്ടു ലക്ഷമായി ഉയരും. 37.77 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ 6.43 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കാണ് നിലവിൽ സൗജന്യമായി കുടിവെള്ളം ലഭിക്കുന്നത്. മുൻഗണനാ വിഭാഗത്തിൽപെട്ട എല്ലാ കുടുംബങ്ങൾക്കും സൗജന്യ കണക്ഷന് അർഹതയുണ്ട്. അർഹതയുള്ള കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ബി പി എൽ വിഭാഗത്തിലേക്ക് മാറുന്നതിനായി മാർച്ച് 31 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. ഇതൊക്കെ ഒളിച്ചു വെച്ചാണ് മനോരമ വെള്ളം പൊള്ളിക്കുന്നത്.