കൊഹിമ: നാഗാലാന്റിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അകുലുട്ടോ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു. ഇതോടെ എതിരാളിയായിരുന്ന ബിജെപി സ്ഥാനാർത്ഥി കസേതോ കിനിമി എതിരില്ലാതെ ജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി എൻ കെകാഷെ സുമിയാണ് നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. ഫെബ്രുവരി 27 നാണ് ഇവിടെ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെ കോൺഗ്രസ് നേതാക്കളാരും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയാണ് കിനിമി. 68 കാരനായ ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്. നാഗാ പീപ്പിൾസ് ഫ്രണ്ടിൻ്റെ നേതാവും മുൻ നിയമസഭാംഗവുമായ കെകാഹോ അസുമിയെയാണ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 25 സീറ്റുകളിലാണ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ഇതോടെ 24 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുക. മുഖ്യമന്ത്രി നെയ്ഫു റിയോയുടെ എൻഡിപിപിയുമായി സഖ്യത്തിൽ മത്സരിക്കുന്ന ബിജെപി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. 60 അംസംബ്ലി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.