ന്യൂഡൽഹി: വ്യാജ വാർത്തകൾ എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ തരം തിരിക്കുന്ന വാർത്തകൾ ഉടനടി പിൻവലിക്കുവാൻ സാമൂഹ്യമാധ്യമങ്ങളോട് നിർദ്ദേശിക്കുന്നതിന് അധികാരം നല്കുന്ന നിയമ ഭേദഗതി സംബന്ധിച്ച ഡോ. ജോൺ ബ്രിട്ടാസ് എം പി.യുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ കേന്ദ്ര സർക്കാർ.
വ്യാജ വാർത്തകളായി പിഐബി വിധിക്കുന്ന ഉള്ളടക്കം ഡിജിറ്റൽ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു വിലക്കുന്ന നിർദിഷ്ട ഭേദഗതി പരക്കെ വിമർശിക്കപ്പെട്ടിരുന്നു. കേന്ദ്ര നീക്കം സെൻസർഷിപ്പിനു തുല്യമാണെന്നും മാധ്യമസ്വാതന്ത്ര്യനിഷേധമാണെന്നുമുള്ള വിമർശനങ്ങളാണ് പ്രധാനമായും ഉയർന്നിരുന്നത്. ഈ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി ആരാഞ്ഞിരുന്നു. ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ഇതിനോടുള്ള സർക്കാരിൻ്റെ പ്രതികരണം എന്തെന്നും ചോദിച്ചു. എന്നാൽ, ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ നല്കിയ മറുപടിയിൽ ഇക്കാര്യങ്ങൾക്ക് ഉത്തരമില്ല.
ഉപയോക്താക്കൾക്ക് ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായാണ് നിർദ്ദിഷ്ട ഭേദഗതി നീക്കമെന്ന് മന്ത്രി വിശദീകരിച്ചു.