ചാണകത്തിൽ മുക്കിയ ചൂലു കൊണ്ട് ചിന്ത ജെറോമിനെ അടിക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ ആഹ്വാനം കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് സച്ചിൻദേവ് എംഎൽഎ. ന്യായീകരണ മർഹിക്കാത്ത സദാചാര അക്രമമാണ് ചിന്ത ജെറോമിനെതിരായി ഇപ്പോൾ നടക്കുന്നത്. അങ്ങേയറ്റം നീചമായാണ് പലരും ആ ചെറുപ്പക്കാരിയോട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പെരുമാറുന്നത്. ഫേസ്ബുക് പോസ്റ്റിലൂടായിരുന്നു സച്ചിൻ്റെ പ്രതികരണം.
ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ഓരോന്നിനെയും നെഗറ്റീവ് ആംഗിളിൽ മാത്രം അവതരിപ്പിക്കുന്ന ഐഡന്റിറ്റി വെളിപ്പെടുത്താത്ത ചില ലോക്ക്ഡ് പ്രൊഫൈലുകൾ സോഷ്യൽ മീഡിയകളിൽ സജീവമായുണ്ട്. ഒരിക്കലും പിടിക്കപ്പെടില്ലെന്നും ആരെയും അപകീർത്തിപരമായി തരംതാണ രീതിയിൽ തെറി പറയാമെന്നുമുള്ള തെറ്റായ ബോധമാണ് അവരെ നയിക്കുന്നത്.
ചിന്തയെ കുറിച്ച് അസഹ്യമായത് പലതും പ്രചരിപ്പിച്ചു. കേരളത്തിലെ ബി.ജെ.പി യുടെ പ്രസിഡന്റ് ചാണകത്തിൽ മുക്കിയ ചൂലുകൊണ്ട് ചിന്തയെ അടിക്കണമെന്ന് മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. ചാണകം മുക്കിയ ചൂലുകൊണ്ട് ഒരു മനുഷ്യനെ അടിക്കാൻ ആഹ്വാനം ചെയ്യാൻ ഇവിടെ ജന്മിത്തവും സുരേന്ദ്രൻ ജന്മിയുമല്ല എന്നു കൂടിയോർക്കണമെന്ന് സച്ചിൻ ദേവ് പറഞ്ഞു.