ന്യൂഡൽഹി: കണ്ണൂർ റെയിൽവേ സ്റ്റേഷൻ്റെ സ്ഥലം പാട്ടത്തിനു കൊടുത്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ ചുമതലപ്പെടുത്തിയ പ്രകാരം റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് 45 കൊല്ലത്തേയ്ക്ക് സ്ഥലം പാട്ടത്തിനു കൊടുത്തത്. റെയിൽവേയുടെ 7.19 ഏക്കർ ഭൂമിയിൽ 4.93 ഏക്കറാണ് വാണിജ്യാവശ്യത്തിന് പാട്ടത്തിന് നൽകിയത്. 2.26 ഏക്കർ സ്ഥലം റെയിൽവേ കോളനിക്കും മറ്റു ആവശ്യങ്ങൾക്കുമുള്ളതാണെന്ന് മന്ത്രി വിശദീകരിക്കുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ്റെ നാലാമത്തെയും അഞ്ചാമത്തെയും പ്ലാറ്റ് ഫോം നിർമ്മിക്കുന്നതിനുള്ള സ്ഥലം ഈ പറയുന്ന 7.19 ഏക്കർ ഭൂമിയിൽ ഉൾപ്പെടുന്നില്ല എന്നാണ് മന്ത്രി മറുപടിയിൽ പറയുന്നതെങ്കിലും കണ്ണൂർ സ്റ്റേഷൻ്റെ തുടർ വികസനത്തിന് വേണ്ട സ്ഥലം എവിടെ നിന്ന് കണ്ടെത്താനാകുമെന്ന ആശങ്ക സംബന്ധിച്ച് വിശദീകരണം നൽകാൻ മന്ത്രി തയ്യാറായില്ല.
റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് കൈമാറിയ സ്ഥലത്താണ് സെമി ഹൈ സ്പീഡ് റെയിൽ കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള കണ്ണൂരിലെ പുതിയ റെയിൽവേ സ്റ്റേഷൻ വിഭാവനം ചെയ്തു കൊണ്ടുള്ള ഡിപിആർ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ചിട്ടുള്ളതെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ ഈ ഡിപിആറിന് റെയിൽ മന്ത്രാലയത്തിൻ്റെ അനുമതി ആയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
റെയിൽവേയ്ക്ക് സമീപ ഭാവിയിൽ ആവശ്യമില്ലാത്ത സ്ഥലമാണ് വാണിജ്യോപയോഗത്തിനു വിട്ടുകൊടുത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെയും വടക്കൻ കേരളത്തിൻ്റെ വികസനത്തെ ബാധിക്കുന്ന പാട്ടം നടപടി പുനഃപരിശോധിക്കുമോ എന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നിഷേധാർത്ഥത്തിലാണ് മന്ത്രി മറുപടി നല്കിയത്.