കൊച്ചി: നികുതി വരുമാനവുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിലുള്ളത് 50 വർഷക്കാലത്തെ കുടിശികയുടെ കണക്കുകളാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അതിൽ ആൾ മരിച്ചുപോയതും, ജപ്തി നടപടി നേരിടുന്നതും കേസിൽ കിടക്കുന്നതുമായ കാര്യങ്ങളുണ്ട്. അതടക്കം പിരിച്ചെടുക്കാനുള്ള ശ്രമം തുടരും. സിഎജി റിപ്പോർട്ട് നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെയെന്നും ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ താൽപര്യത്തിന് വേണ്ടി അങ്ങേയറ്റം സജീവമായ എല്ലാ പ്രവർത്തനവും നടത്താൻ സർക്കാരും വ്യക്തിപരമായി താനും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ തനത് വരുമാനത്തിൽ വർധനവുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയെ മൊത്തം കോവിഡ് ബാധിച്ചപ്പോൾ കോവിഡും രണ്ട് പ്രളയവും ,നിപാ, ഓഖി എന്നിവയും മറികടന്നാണ് സംസ്ഥാനം ഈ നേട്ടമുണ്ടാക്കിയത്. സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. സാമൂഹ്യ ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണം ആവശ്യമാണ്. കേന്ദ്രം സാമ്പത്തികമായി നമ്മളെ ബുദ്ധിമുട്ടിക്കുന്നു. ആ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തുന്നത്. നിലവിൽ 20 രൂപ കേന്ദ്രവും പിരിക്കുന്നുണ്ടല്ലോ.
2015–16 ലെ ബജറ്റിൽ ഒരു രൂപ സെസ് വാങ്ങാൻ നിർദേശം ഉണ്ടായിരുന്നു. കൂടാതെ അരിക്ക് ഒരു ശതമാനം, ആട്ട, മെെദ എന്നിവയ്ക്ക് 5 ശതമാനവും നികുതി ഏർപ്പെടുത്തിയില്ലേയെന്നും ബാലഗോപാൽ ചോദിച്ചു. ജനം എല്ലാം മനസിലാക്കുന്നുണ്ട്. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നതടക്കം അവർ മനസിലാക്കുന്നു. അതുകൊണ്ടല്ലെ മാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിക്കുമ്പോൾ കേരളത്തിനും വികസന പ്രവർത്തനങ്ങൾക്ക് പണം വേണ്ടേ എന്നവർ തിരിച്ചു ചോദിക്കുന്നത്. കേന്ദ്രബജറ്റിൽ തൊഴിലുറപ്പ് വിഹിതം, ഭക്ഷ്യസബ്സിഡി, വളം സബ്സിഡി എന്നിങ്ങനെ പലതും വെട്ടിക്കുറച്ചല്ലോ. എന്നാൽ സംസ്ഥാനം അങ്ങിനെ ഒരു കുറവും വരുത്തിയിട്ടില്ല. കേരളത്തിന് അവകാശപ്പെട്ടതുപോലും നൽകാതെ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര നയമടക്കം ചർച്ചയാകണം എന്നുദ്ദേശിച്ചുതന്നെയാണ് ഇക്കാര്യങ്ങൾ നിയമസഭയിലും മാധ്യമങ്ങളോടും പറയുന്നതെന്നും ബാലഗോപാൽ പറഞ്ഞു.