ന്യൂഡൽഹി: രാജ്യത്തിൻ്റെ അന്നദാതാക്കളായ കർഷക തൊഴിലാളികൾക്ക് മികച്ച വേതനം ലഭിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്ന് ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഇന്നും ഇന്ത്യയിലെ 75 ശതമാനം ജനങ്ങളും കഴിയുന്നത് ഗ്രാമപ്രദേശങ്ങളിലാണ്.
ഗ്രാമപ്രദേശങ്ങളിലെ പ്രധാന വരുമാന മാർഗ്ഗമായ കാർഷിക മേഖലയിലെ തൊഴിലാളികൾക്ക് മാന്യമായ അടിസ്ഥാന വരുമാനം ഉറപ്പ് വരുത്തിയില്ലെങ്കിൽ അവരുടെ കുട്ടികൾക്ക് എങ്ങനെയാണ് മികച്ച വിദ്യാഭ്യാസവും അടിസ്ഥാന ജീവിത സൗകര്യങ്ങളും നൽകാൻ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ കർഷക തൊഴിലാളികളുടെ പെൻഷൻ 1600 രൂപയാണ്. എന്നാൽ മറ്റ് പലയിടങ്ങളിലും കർഷകത്തൊഴിലാളിക്ക് നിത്യ ജീവിതം മുന്നോട്ട് നയിക്കാൻ ഉള്ള വരുമാനം പോലും ലഭിക്കുന്നില്ല.
പലയിടങ്ങളിലും ഗ്രാമീണവിദ്യാലയങ്ങളിൽ അദ്ധ്യാപകർ പോലും ഇല്ലാത്ത അവസ്ഥയാണ്. ആരോഗ്യ മേഖലയിലെ അവസ്ഥയും വിഭിന്നമല്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും കർഷക തൊഴിലാളിക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും അതുവഴി മികച്ച ജീവിത സാഹചര്യങ്ങൾ ഉണ്ടാകുന്നതിനും കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.