തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറു ദിന കർമ്മപരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മുതൽ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ നടപ്പാക്കും.
തുടർവിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരമേറ്റ് മെയ് ഇരുപതിന് രണ്ടു വർഷം പൂർത്തിയാവുകയാണ്. പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങൾ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോവുകയാണ്.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക നൂറുദിന കർമ്മപരിപാടി ആവിഷ്കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കർമ്മപരിപാടികളാണ് ഒന്നേ മുക്കാൽ വർഷത്തിനിടയിൽ സംസ്ഥാനത്ത് പൂർത്തിയാക്കിയത്. സംസ്ഥാന പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് ഇതിലൂടെ യാഥാർഥ്യമാകുക.ആകെ 1284 പ്രോജക്റ്റുകൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു.
ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണം നൂറുദിന പരിപാടിയിൽ ലക്ഷ്യമിടുന്നു.
മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കും. കുടുംബശ്രീയുടെ ഉൽപ്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാൻ സംവിധാനം ഒരുക്കും.
പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുൽപ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉൽപ്പാദനവും വിതരണവും ആരംഭിക്കും.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റർ ഓഫ് എക്സലൻസ് കാർഷിക വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കും.
പുനഗർഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയിൽ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നത്. നൂറുദിനങ്ങളിൽ പുനർഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളിൽ ആയിരത്തോളം ഭവനങ്ങളുടെ താക്കോൽദാനവും നടത്തുന്നതാണ്.
സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 500 ഏക്കർ തരിശുഭൂമിയിൽ 7 ജില്ലകളിൽ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കുന്നതാണ്.
ഫ്ളോട്ടിംഗ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏർപ്പെടുത്തും.
ബ്രഹ്മപുരം സൗരോർജജ പ്ലാന്റിൻ്റെ ഉദ്ഘാടനവും നടത്തും. 2.75 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷിയുള്ള പദ്ധതിയാണിത്.
പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി ആവാസ മേഖലകളിൽ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും.
വ്യവസായ വകുപ്പിൻ്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പിൽ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പിൽ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പദ്ധതികൾ നടപ്പിലാക്കും.
ഈ നൂറുദിന പരിപാടി സമാപിക്കുമ്പോൾ മുൻ പരിപാടികളെപ്പോലെ നടപ്പാക്കിയ പ്രോജക്റ്റുടെ പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി