തിരുവനന്തപുരം: പ്രതിപക്ഷ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനൊപ്പം ബിജെപിയും സമരരംഗത്തുള്ളത് വിചിത്രമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ധന വില നിർണയാവകാശം കുത്തക എണ്ണക്കമ്പനികൾക്ക് വിട്ടു കൊടുത്തത് കോൺഗ്രസും, ബിജെപിയുമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ചും, ജനങ്ങളെ പിഴിഞ്ഞും മുന്നോട്ട് പോയവരാണ് കേന്ദ്രം ഭരിച്ച കോൺഗ്രസുകാർ. 2015 ലെ ബജറ്റിൽ യുഡിഎഫ് സർക്കാർ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിൻ്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്. സെസ് ഏർപെടുത്തേണ്ടി വന്ന സാഹചര്യം സഭയിൽ വിശദീകരിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം. ബജറ്റ് നിർദ്ദേശങ്ങൾക്ക് മുകളിൽ കൃത്യമായ മറുപടി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്നത് കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള സമര കോലാഹലമാണ്. ഈ പ്രതിഷേധങ്ങൾ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ പ്രചരണം നടക്കുന്നു. കടക്കെണിയെന്നും,സംസ്ഥാനത്ത് അതിഭയങ്കര ധൂർത്തെന്നും വ്യാജ പ്രചരണം അഴിച്ചു വിടുകയാണ്. സംസ്ഥാനത്തിൻ്റെ കടം 1.5 ശതമാനം കുറഞ്ഞു. 2020-21 സാമ്പത്തിക വർഷം ആഭ്യന്തര വരുമാനത്തിൻ്റെ 38.51 ശതമാനമായിരുന്നു കടം. 2021-22 ൽ ഇത് 37.01 ആയി കുറഞ്ഞു. 2022-23ൽ കടം 36.38 ആയി വീണ്ടും കുറഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കണക്കുകൾ കടക്കെണിയുടെ ലക്ഷണമല്ല. സംസ്ഥാനത്തിന് വരുമാന വർധനയുണ്ടായിട്ടുണ്ട്. വാർഷിക വളർച്ചാ നിരക്ക് 20 ശതമാനത്തിൽ കൂടുതലായി. 2021-22 ൽ 22.41 ശതമാനം വർധനയാണ് ഉണ്ടായത്. ജിഎസ്ടി വരുമാനം പ്രതീക്ഷിക്കുന്നത് 21.11 ശതമാനമാണ്. വാർഷിക വായ്പാ പരിധി യുക്തിരഹിതമായി കേന്ദ്രം വെട്ടിക്കുറച്ചു. ഇത് പ്രതിസന്ധിയായി. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ സംസ്ഥാനം എടുക്കുന്ന കടമായി കേന്ദ്രം പ്രഖ്യാപിച്ചു.
സംസ്ഥാനം കിഫ്ബിയിലൂടെ നടത്തുന്ന വികസന പ്രവർത്തനങ്ങൾ കേരളത്തിൽ എല്ലായിടത്തുമാണ്. യുഡിഎഫ് അംഗങ്ങളുടെ മണ്ഡലത്തിലടക്കം പദ്ധതികൾ നടപ്പാക്കുന്നു. ഇതെല്ലാം മറച്ചുവെച്ച് സംസ്ഥാനത്തിനും കിഫ്ബിക്കുമെതിരെ പ്രചാരണം നടത്തുന്നു. നിത്യച്ചെലവിന് കടമെടുക്കുന്നെന്ന് ആവർത്തിച്ച് പറയുന്നു. വിദ്യാഭ്യാസ – ആരോഗ്യ ഗ്രാമവികസന ജലസേചന മേഖലകളിൽ സംസ്ഥാനം ചെലവഴിക്കുന്ന തുക സാമ്പത്തിക വളർച്ചയെ സഹായിക്കും. ശമ്പളവും പെൻഷനും നൽകാൻ സംസ്ഥാനം കടമെടുക്കുന്നില്ല. ശമ്പളവും പെൻഷനും നൽകുന്നതിന് ഇനി കേരളത്തിന് കടം വാങ്ങേണ്ടതുമില്ല. വരുമാനത്തിൻ്റെ ഗണ്യമായ ഭാഗം ഉപയോഗിക്കുന്നത് വികസന പ്രവർത്തനത്തിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന ചെലവ് ധൂർത്താണെന്നു ആരെങ്കിലും പറയുമോ?
നമ്മുടെ രാജ്യത്ത് വളർച്ചാ നിരക്ക് ഉയർന്ന നിലയിലാണ്. അതിന്റെ 1.4 ഇരട്ടിയാണ് കേരളത്തിലെ 2021-22 ലെ 12 ശതമാനം. സർക്കാർ വകുപ്പുകളുടെ പങ്ക് കുറച്ച് കാണരുത്. മൂലധന ചെലവും വികസന ചെലവും ധൂർത്തല്ല. അങ്ങിനെ ചിത്രീകരിക്കുന്നത് ആശാസ്യമല്ല. സങ്കുചിത രാഷ്ട്രീയം വെച്ച് ഏത് വിധേനയും സർക്കാരിനെ താറടിക്കാനാണ് ശ്രമം.
ബജറ്റ് കണക്ക് പ്രകാരം റവന്യൂ ചെലവ് എസ്റ്റിമേറ്റ് 1.54 ലക്ഷം കോടി രൂപയാണ്. മന്ത്രിമാർക്കും മറ്റുമുള്ള ചെലവ് 0.008 ശതമാനം മാത്രമാണ്. ഇക്കാര്യത്തിൽ ഒരു ധൂർത്തും കണക്കുകൾ തെളിയിക്കുന്നില്ല. ഇത്തരം നുണകൾക്കുള്ള മറുപടി സംസാരിക്കുന്ന കണക്കുകളും വസ്തുതകളുമാണ്. അവ ശരിയായ രീതിയിൽ വിലയിരുത്തണം. കേരളത്തെ ഞെരുക്കി തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ പ്രതിപക്ഷം പിന്തുണക്കുകയാണ്. കേരളത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം 75 ശതമാനത്തിൽ നിന്ന് 60 ആക്കി കുറച്ചു. ഇത് സംസ്ഥാനങ്ങൾക്ക് അധിക ബാധ്യതയായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നികുതി വിഹിതം വെട്ടി കുറച്ചു. 1,100 കോടി രൂപയുടെ ഗ്രാന്റുകൾ കേന്ദ്രം നൽകിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റുകൾ നൽകുന്നതിൽ കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തി. 2021-22 ൽ കേന്ദ്ര നികുതി വിഹിതം 17,820 കോടിയായിരുന്നു. 2022-23ൽ ഇത് 17, 784 കോടിയായി കുറഞ്ഞു.
കിഫ്ബി അപ്രസക്തമായി എന്ന ആരോപണം അസംബന്ധമാണ്. കിഫ്ബിയോട് ഇത്രയും അസഹിഷ്ണുത എന്തിനാണ്. മലർപ്പൊടിക്കാരൻ്റെ സ്വപ്നം എന്ന് പറഞ്ഞായിരുന്നു പദ്ധതിയെ പരിഹസിച്ചിരുന്നത്. പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതാണ് ഈ കേന്ദ്ര സമീപനം. ബജറ്റിനെ പ്രതിപക്ഷം നശീകരണ സ്വഭാവത്തോടെ എതിർക്കുന്നു. ബജറ്റിൽ ഒരു മേഖലയെയും ഒഴിവാക്കിയിട്ടില്ല. നാം കാലിടറി പോകരുത് എന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഇത് മനസ്സിലാക്കി നാടിന് വേണ്ടി ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം എല്‍ഡിഎഫ് സർക്കാരിൻ്റെ മൂന്നാം 100 ദിന കർമ്മ പരിപാടി നാളെ തുടക്കമാകും. പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. 15,896 കോടി 3 ലക്ഷം രൂപ ചെലവഴിച്ച് 1284 പദ്ധതികള്‍ പൂർത്തിയാക്കും. 4 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലൈഫ് പദ്ധതി വഴി 20000 വ്യക്തിഗത ഭവനങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.