ത്രിപുരയിൽ ബിജെപി വാഴ്ച എത്രയും വേഗം അവസാനിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മാണിക് സർക്കാർ. വീണ്ടും ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്താൻ ജനം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. അക്രമവും അഴിമതിയും നിറഞ്ഞ ബിജെപി ഭരണം കഴിഞ്ഞ അഞ്ചു വർഷം ജനങ്ങളെ ബുദ്ധിമുട്ടിച്ചു, ക്രമസമാധാന നിലയും തകർത്തു. നൽകിയ ഒരു വാഗ്ദാനം പോലും നിറവേറ്റിയില്ല. ഇപ്പോൾ ജനം ഇടതുപക്ഷത്തെ ആഗ്രഹിക്കുന്നു, അതിൻ്റെ ലക്ഷണങ്ങളാണ് സംസ്ഥാനത്തുടനീളം കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീതിപൂർവമായും സമാധാനപരമായും തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുമുന്നണിയും മതനിരപേക്ഷ ജനാധിപത്യകക്ഷികളും അധികാരത്തിൽ വരുമെന്നതിൽ സംശയമില്ല. അതുതടയാൻ കേന്ദ്ര സഹായത്തോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അതിനായി എല്ലാ പിന്തിരിപ്പൻ വർഗീയ ശക്തികളെയും കൂട്ടുപിടിക്കും. ജനങ്ങളെ അണിനിരത്തി അതിനെ ശക്തമായി നേരിടാനുള്ള തയ്യാറെടുപ്പാണ് ഇടതുപക്ഷം നടത്തുന്നത്. അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും ബിജെപി അട്ടിമറിച്ചു.
ഭരണഘടന ഉറപ്പു നൽകുന്ന ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചു. ആർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ പ്രതികരിക്കാനോ കഴിയുന്നില്ല. വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ വരെ കൈയേറ്റം ചെയ്യുകയും കള്ളക്കേസുകളിൽ കുടുക്കുകയുമാണ് ബിജെപി. നിരവധി സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തി. ഒട്ടേറെ വീടുകളും പാർടി ഓഫീസുകളും തകർത്തു. പോലീസിനെ നിഷ്ക്രിയമാക്കി. ജനം മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് മാണിക് സർക്കാർ വ്യക്തമാക്കി.