കോഴിക്കോട്: വിചിത്ര സർക്കുലർ ഇറക്കി കോഴിക്കോട് എൻഐടി. ക്യാംപസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നാണ് നിർദേശം. മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി കെ രജനീകാന്തിൻ്റെ സർക്കുലർ വ്യക്തമാക്കുന്നു. വാലന്റൈൻസ് ഡേ വരാനിരിക്കേയാണ് കോളജ് അധികൃതർ ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത്.
നേരത്തെ പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആക്കാൻ കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് നിർദേശം നൽകിയിരുന്നു. ഇന്ത്യൻ സംസ്കാരത്തിൻ്റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിൻ്റെയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയ വാർത്തക്കുറിപ്പ് വിശദമാക്കുന്നു. പാശ്ചാത്യ സംസ്കാരത്തിൻ്റെ അതിപ്രസരം നിമിത്തം വേദിക് സംസ്കാരം അന്യം നിന്ന് പോകുന്ന നിലയിലാണെന്നുമെല്ലാമാണ് വിശദീകരണം.