ന്യൂഡൽഹി: റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ ചർച്ചചെയ്യാനും പരിഹാരമാർഗങ്ങൾ ആരായാനും റബ്ബർ ബോർഡ് പ്രതിനിധികളും എംപിമാരും പങ്കെടുത്തുകൊണ്ട് സംയുക്ത യോഗം വിളിക്കാൻ ധാരണയായി. ഇടത് എംപിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. രാജ്യസഭയിലെ ഇടതുപക്ഷ നേതാക്കളായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.
മിശ്രിതറബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബജറ്റിൽ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ഇതു കൊണ്ട് കർഷകർക്ക് ഒരു ഗുണവും ഉണ്ടാകാൻ സാധ്യതയില്ലെന്നും എംപിമാർ മന്ത്രിയെ അറിയിച്ചു. ഈ ആശങ്കകൾ ചർച്ച ചെയ്യാനും പരിഹാരമാർഗ്ഗങ്ങൾ ആരായാനും റബ്ബർ ബോർഡ് ഉദ്യോഗസ്ഥരും എംപിമാരുമായി സംയുക്ത യോഗം വിളിക്കാമെന്ന് കൂടിക്കാഴ്ചയെ തുടർന്ന് മന്ത്രി ഉറപ്പ് നൽകി.
ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ റബ്ബർ ഇറക്കുമതി പരിശോധിച്ചാൽ ആകെ റബ്ബർ ഇറക്കുമതിയുടെ ആറിൽ ഒന്ന് മാത്രമാണ് മിശ്രിതറബ്ബർ. കർഷകരെ സഹായിക്കുക എന്നതായിരുന്നു സർക്കാരിൻ്റെ ലക്ഷ്യമെങ്കിൽ സ്വാഭാവിക റബ്ബറിൻ്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ആസിയാൻ കരാറിനെ തുടർന്ന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നികുതി ഇളവോടുകൂടി ഇന്ത്യയിലേക്ക് നിർബാധം റബ്ബർ ഇറക്കുമതി സാധ്യമായതിൻ്റെ ഫലമായാണ് കേരളത്തിലെ ഉൾപ്പെടെ റബ്ബർ കർഷകർ ദുരിതത്തിലായത്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള റബ്ബർ ഇറക്കുമതി നിയന്ത്രിക്കണം എന്ന കർഷകരുടെ നിരന്തരമായ ആവശ്യം ചെവിക്കൊള്ളാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റിലെ പ്രഖ്യാപനം നിർഭാഗ്യകരമാണ്. മിശ്രിതറബ്ബറിൻ്റെ ഇറക്കുമതി ചുങ്കം 25% ആയി ഉയർത്തിയാലും അത് കമ്പോളത്തിൽ വലിയ ചലനം ഉണ്ടാക്കില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യയിലെ മിശ്രിതറബ്ബർ ഇറക്കുമതിയുടെ 88% ആസിയാൻ രാജ്യങ്ങളിൽ നിന്നുമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിൻ്റെ പരിധിയിൽ വരുന്നതിനാൽ പൂജ്യം മുതൽ അഞ്ച് ശതമാനം മാത്രമേ നികുതി ഏർപ്പെടുത്താൻ സാധിക്കൂ. റബ്ബർ കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ നടപടി പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല.
സർക്കാരിൻ്റെ അവകാശവാദം പോലെ റബ്ബർ കർഷകരെ സഹായിക്കണം എന്നതാണ് ലക്ഷ്യമെങ്കിൽ മിശ്രിത റബ്ബറിൻ്റെയും സ്വാഭാവിക റബ്ബറിൻ്റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയർത്തുകയും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുകയുമാണ് വേണ്ടതെന്ന് ഇടത് എംപിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിന് നൽകിയ കത്തിൽ പറഞ്ഞു.