തിരുവനന്തപുരം: കേരള നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണസംഘ (കാപ്കോസ് ) ത്തിന് നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിന് ഫാക്ടറിയും സ്ഥാപിക്കുന്നതിന് അതിരമ്പുഴയിൽ ഭൂമി അനുവദിക്കുന്നതിന് തീരുമാനമായി.
അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ വേദഗിരിയിൽ വ്യവസായ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്സ്റ്റൈൽസിൻ്റെ ഭൂമിയിൽ നിന്ന് 10 ഏക്കർ ആണ് അനുവദിക്കുക. സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച്ച സഹകരണം, വ്യവസായം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തുമെന്ന് കാപ്കോസ് പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ അറിയിച്ചു.
കുടമാളൂർ സർവീസ് സഹകരണ ബാങ്കിൻ്റെ പുളിഞ്ചുവടിലുള്ള കെട്ടിടത്തിലാണ് കാപ്കോസ് ഓഫീസ്. കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാർഷിക സർവീസ് സഹകരണ ബാങ്കുകൾ അംഗ സംഘങ്ങളായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം നടത്തുന്ന സംഘം പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നും നെല്ല് സംഭരിക്കും. കർഷകർക്ക് വരുമാനവും സാധാരണക്കാർക്ക് കുറഞ്ഞവിലയ്ക്ക് അരിയും ലഭ്യമാക്കുകയാണ് കാപ്കോസിൻ്റെ ലക്ഷ്യം.
സഹകരണ വകുപ്പിന് കീഴിൽ പുതിയ മില്ല് വന്നാൽ സംസ്ഥാനത്തെ നെല്ലു സംസ്കരണത്തിൻ്റെ 10 ശതമാനമെങ്കിലും സർക്കാർ-സഹകരണ മേഖലയുടെ കൈയിലെത്തും. നിലവിൽ 2.75 ശതമാനം മാത്രമാണിത്. ഒരുവർഷം എട്ട് ലക്ഷത്തിലധികം ടൺ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോൾ 7 ലക്ഷം ടണ്ണും സംസ്കരിക്കുന്നത് സ്വകാര്യമില്ലുകളാണ്. സഹകരണ സംഘങ്ങളുടെ കൂട്ടായ പങ്കാളിത്തോടെ നെല്ല് സംസ്കരണ മേഖലയിലെ ഇടപെടീൽ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് കാപ്കോസ്. മന്ത്രി വി.എൻ വാസവൻ്റെ ചേമ്പറിൽ നടന്ന യോഗത്തിൽ സഹകരണ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ കാപ് കോസ് ഭാരവാഹികൾ, കോട്ടയം ടെക്സ്റ്റൈൽസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.