ന്യൂഡൽഹി: ദേശീയപാതയിൽ കേന്ദ്രസർക്കാർ നടത്തുന്ന ടോൾ പിരിവ് തുടരുമെന്ന് മന്ത്രി നിതിൻ ഗഡ്കരി. രാജ്യസഭയിൽ ഡോ വി ശിവദാസൻ്റെ ചോദ്യത്തിന് മറുപടിയായാണ് അഞ്ചു വർഷം കൊണ്ട് 1.39 ലക്ഷം കോടി രൂപ ഈടാക്കിയതായി മന്ത്രി അറിയിച്ചത്.
നാഷണൽ ഹൈവേയ്സ് ഫീ (ഡിറ്റർമിനേഷൻ ഓഫ് റേറ്റ്സ് ആൻഡ് കളക്ഷൻ ) റൂൾസ് 2008 പ്രകാരം യൂസർ ഫീ പിരിക്കുന്നത് അവസാനിപ്പിക്കാൻ വ്യവസ്ഥയില്ലെന്നും ‘റോഡ് നിർമിക്കാനുള്ള മൂലധന ചിലവ് മൊത്തം വസൂലായാലും, 40 ശതമാനം കുറവ് വരുത്തിക്കൊണ്ട് യൂസർ ഫീ തുടരുമെന്നും മന്ത്രി അറിയിച്ചു. 2017 -18 ൽ 21,761 കോടി ആയിരുന്ന ടോൾ പിരിവ് 2021-22 ൽ 34,742 കോടി ആയി ഉയർന്നു. 5 വർഷം കൊണ്ട് വർഷാവർഷം കേന്ദ്രം പിരിക്കുന്ന തുകയിൽ 60 ശതമാനം വർധന ഉണ്ടെന്നു ഇതിൽ നിന്നും വ്യക്തമാണ്.
2017-18 ( 21,761 കോടി ) ,2018-19 (26,179 കോടി ), 2019-20 (28,482 കോടി ),2020-21( 28,681 കോടി) , 2021-22 ( 34,742 കോടി ) എന്നിങ്ങനെയാണ് ടോൾ ലഭിച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
ജനങ്ങളെ പിഴിയുന്ന ദേശീയ പാതയിലെ ടോൾ തുടരുമെന്ന നിലപാട് ജനവിരുദ്ധമാണെന്ന് ഡോ വി ശിവദാസൻ എംപി പറഞ്ഞു. ദേശീയ പാതയ്ക്ക് ഭൂമി വാങ്ങാൻ സംസ്ഥാന സർക്കാരിൽ നിന്നും പണം വാങ്ങിയതിനു ശേഷവും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.