ന്യൂഡൽഹി: പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആക്കാൻ നിർദേശവുമായി കേന്ദ്ര മൃഗ സംരക്ഷണ ബോർഡ്. സംസ്കാരത്തിൻ്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
‘പശു ഇന്ത്യൻ സംസ്കാരത്തിന്റെയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണെന്ന് നമുക്കെല്ലാവർക്കുമറിയാം. സമ്പത്തിൻ്റെയും ജൈവ വൈവിധ്യത്തിൻ്റെയും പ്രതീകമാണ്. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നൽകുന്ന അമ്മയെപ്പോലെ പരിപാലിക്കേണ്ടയൊന്നായതിനാലാണ് പശുവെന്നും കാമധേനു, ഗോമാത എന്നൊക്കെ വിളിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ പശുവിൻ്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ ബോർഡ് ജനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. പശുവിൻ്റെ പ്രാധാന്യം മനസ്സിൽ വെച്ച് പോസിറ്റിവിറ്റി പ്രചരിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.
മൃഗങ്ങളോട് അനുകമ്പ കാണിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാനലക്ഷ്യമെന്നാണ് മൃഗസംരക്ഷണ ബോർഡ് വ്യക്തമാക്കുന്നത്. പാശ്ചാത്യ സംസ്കാരത്തിൻ്റെ സ്വാധീനം കാരണം ആളുകൾ പാരമ്പര്യങ്ങളിൽ നിന്നും അകലുകയാണ്. പൊതുജനങ്ങൾക്കിടയിൽ ഇത്തരത്തിൽ നഷ്ടപ്പെടുന്ന താൽപര്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണിതെന്നും കേന്ദ്രം പറയുന്നു.