തിരുവനന്തപുരം: ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല കിലയുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കില, അസാപ് കേരള എന്നീ സ്ഥാപനങ്ങളുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇതിനായുള്ള ധാരണാപത്രം ഒപ്പിട്ടു.
തദ്ദേശ സ്വയംഭരണ രംഗം കൂടുതൽ മെച്ചപ്പെടുത്താൻ ഉതകുന്ന ക്രിയാത്മകമായ വിവിധ വർക്ക് ഷോപ്പുകൾ, സിംപോസിയം, കോൺഫറൻസുകൾ മുതലായവ സംയുക്തമായി സംഘടിപ്പിക്കും. എട്ടോളം പദ്ധതികൾക്കാണ് ഇതോടെ തുടക്കമായത്.
തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട കോഴ്സുകൾ പ്രാവർത്തികമാക്കാൻ ‘കില’ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠനസഹായ കേന്ദ്രമായി പ്രവർത്തിക്കും.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്ക് പുതുയുഗ തൊഴിലിടങ്ങളിൽ സ്വീകാര്യത ലഭിക്കും വിധം തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനുതകുന്ന വിവിധ നൈപുണ്യ വികസന കോഴ്സുകൾ വികസിപ്പിക്കുന്നതിനാണ് അസാപ്പുമായുള്ള ധാരണാപത്രം. ഇങ്ങനെ സംയുക്തമായി വികസിപ്പിച്ച് പഠിതാക്കളിലേക്കെത്തിക്കുന്ന നൈപുണ്യ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് ഇന്റേൺഷിപ്പുകൾ ലഭ്യമാക്കി കൊടുക്കുന്നതടക്കമുള്ള പദ്ധതികൾ നടപ്പാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി നടപ്പിലാക്കിയ ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് വൻവിജയമായിരുന്നു. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരം ഒരു കോഴ്സ് നടത്തിപ്പിന് മൂന്ന് വ്യത്യസ്ത സ്ഥാപനങ്ങൾ ഒന്നിച്ചതെന്നും മന്ത്രി പറഞ്ഞു.
ഈ രണ്ട് സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പു വയ്ക്കുന്നതിലൂടെ ഓപ്പൺ സർവ്വകലാശാല വിദൂരപഠന മേഖലയിൽ പുതിയ ചുവടുവയ്പ്പാണ് നടത്തുന്നതെന്നു മന്ത്രി ഡോ. ബിന്ദു പറഞ്ഞു.