ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ പെട്രോൾ, ഡീസൽ നികുതി പിരിവ് വർധന സംസ്ഥാനങ്ങളുടേതിനേക്കാൾ ഇരട്ടിയോളമെന്ന് മന്ത്രി ഹർദീപ് സിങ് പുരി. രാജ്യസഭയിൽ വി ശിവദാസൻ എം പിക്ക് പെട്രോളിയം മന്ത്രി നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാരിൻ്റെ നികുതിക്കൊള്ള വ്യക്തമായത്. ഡീസൽ, പെട്രോൾ നികുതി ഇനത്തിൽ 2021–22ൽ 4.92 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. 2019–20ൽ ഇത് 3.34 ലക്ഷം കോടിയായിരുന്നു. 47.25 ശതമാനത്തിൻ്റെ വർധനവ്.
ഇതേകാലയളവിൽ, സംസ്ഥാനങ്ങളുടെ പെട്രോൾ, ഡീസൽ നികുതി ഇനത്തിലുള്ള വരുമാനം 27 ശതമാനം മാത്രമാണ് വർധിച്ചത്. 2019–20ൽ സംസ്ഥാനങ്ങളുടെ വരുമാനം 2.21 ലക്ഷം കോടിയും 2021–22ൽ 2.8 ലക്ഷം കോടിയുമാണ്.
പെട്രോളിനും ഡീസലിനും കുത്തനെ നികുതി കൂട്ടിയ കേന്ദ്രസർക്കാർ 2022 മെയിൽ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. 2022 നവംബർ ഒന്നിന് ബേസിക്ക് എക്സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ നിരക്കിൽ വർധിപ്പിച്ചു. 2023 ഏപ്രിലോടെ ഡീസൽ ലിറ്ററിന് രണ്ട് രൂപ കൂടി കേന്ദ്രനികുതി ഇനത്തിൽ വർധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു. പെട്രോളിനും ഡീസലിനും 2.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 10 ശതമാനം സാമൂഹ്യസുരക്ഷാ സർചാർജും അധികമായി ചുമത്തുന്നുണ്ടെന്നും, മറുപടിയിൽ പറയുന്നു.