തിരുവനന്തപുരം: ബിപിഎൽ കുടുംബങ്ങൾക്ക് വെള്ളക്കരം വർധന ബാധകമാകുകയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 15,000 ലിറ്റർവരെ വെള്ളം സൗജന്യമായിതന്നെ ലഭ്യമാക്കും. ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടെ ദുർബല വിഭാഗങ്ങൾക്ക് സൗജന്യനിരക്കിൽതന്നെ കുടിവള്ളം നൽകും. വെള്ളം കിട്ടാത്തവരിൽനിന്ന് ഒരുതരത്തിലുള്ള ചാർജും ഈടാക്കില്ലെന്ന് പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയ നോട്ടീസിന് മന്ത്രി മറുപടി നൽകി.
കാലാകാലങ്ങളിൽ പണപ്പെരുപ്പത്തിനനുസരിച്ച് സേവന നിരക്കുകൾ വർധിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ല. 4900 കോടിയിലേറെയാണ് ജല അതോറിറ്റിയുടെ നഷ്ടം. KSEBക്ക് കൊടുക്കാനുള്ളത് 1,263 കോടി. നഷ്ടം സഹിച്ച് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് മന്ത്രി ചോദിച്ചു. ജല ഉപയോഗത്തെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണം. 70 ലക്ഷം കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി ശുദ്ധജലം ഉറപ്പാക്കുന്നു. 37.95 ലക്ഷം ഗാർഹിക കണക്ഷൻ കൂടി നൽകുന്ന നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.