വിമർശിക്കുന്നവരെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി തുറങ്കിലടയ്ക്കുകയും, വർഗീയത പ്രചരിപ്പിക്കുന്നവരെ തലോടുകയും ചെയ്യുന്ന കേന്ദ്രത്തിൻ്റെ നിലപാട് പലപ്പോഴായി കണ്ടതാണ്. ഇതിൻ്റെ മറ്റൊരു ഉദാഹരണമാവുകയാണ് മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായുള്ള ബിജെപി മഹിളാ മോർച്ച ജനറൽ സെക്രട്ടറി എൽ സി വിക്ടോറിയ ഗൗരിയുടെ നിയമനം. മദ്രാസിനു പുറമേ, കർണാടക, അലഹാബാദ് ഹൈക്കോടതികളിലേക്ക് അടക്കം ആകെ 13 ജഡ്ജി മാരെയാണ് പുതുതായി നിയമിച്ചത്.
ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിൻ്റെ പേരിൽ വിവാദങ്ങളിൽപ്പെട്ട അഭിഭാഷകയാണ് ഗൗരി. ഈ ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണനയിൽ നിൽക്കവെയാണ് ഗൗരിയെ ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര സർക്കാർ ഇറക്കിയത്. എന്നാൽ, ഗൗരിക്കെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
ഈ ഘട്ടത്തിൽ നിയമനം റദ്ദാക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാൻ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും കോടതി പറയുന്നു. തന്നിലെ രാഷ്ട്രീയം ഗൗരി തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയത്. വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ ഗൗരിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരിൽ ചിലരും ഗൗരിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചാണ് കേന്ദ്ര സർക്കാർ നിലപാടുമായി മുമ്പോട്ടു പോയത്.
അതേസമയം, ബിജെപി ബന്ധമുള്ള വിക്ടോറിയ ഗൗരിയെ അഡീഷനൽ ജഡ്ജിയായി നിയമിച്ച കേന്ദ്ര സർക്കാർ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിക്കുന്ന ലേഖനം പങ്കുവച്ച ആർ. ജോൺ സത്യൻ്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഒരു വട്ടം ജോൺ സത്യത്തിൻ്റെ പേർ കേന്ദ്രം മടക്കി അയക്കുകയും ചെയ്തു. എന്നാൽ മോഡിയെ വിമർശിക്കുന്ന ലേഖനത്തിൻ്റെ പേരിൽ അയോഗ്യത കൽപ്പിക്കാൻ കഴിയില്ലെന്ന് കൊളീജിയം അറിയിച്ചു. പേരുകൾ കഴിഞ്ഞ മാസം 19ന് ആവർത്തിക്കുകയും ചെയ്തു.
ഗൗരിക്കു പുറമേ, പി.ബി. ബാലാജി, കെ.കെ. രാമകൃഷ്ണൻ, ആർ. കലൈമതി, കെ.ഗോവിന്ദരാജൻ എന്നിവർക്കാണു പുതുതായി നിയമനം. ലൈംഗിക ആഭിമുഖ്യത്തിൻ്റെ പേരിൽ മാറ്റി നിർത്തപ്പെട്ട സൗരഭ് കൃപാൽ, അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ അവഗണിക്കപ്പെട്ട സോമശേഖർ സുന്ദരേശൻ എന്നിവരുടെ പേരുകൾ കൊളീജിയം ആവർത്തിച്ചിരുന്നു. ഇതിലും കേന്ദ്ര സർക്കാർ മൗനത്തിലാണ്.