തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിലെത്തി വീണാ ജോർജ് ഉമ്മൻ ചാണ്ടിയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ടത്. മുഖ്യ മന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരമാണ് തൻ്റെ സന്ദർശനമെന്ന് വീണാ ജോർജ് വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ മകനുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നുവെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് ഈ സന്ദർശനം. അദ്ദേഹത്തിൻ്റെ മകളെ നേരിട്ട് കണ്ട സംസാരിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരെയും കണ്ടിട്ടുണ്ട്. ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണ് എന്ന് വീണാ ജോർജ് വ്യക്തമാക്കി.
ന്യുമോണിയയെ തുടർന്ന് ഇന്നലെ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേ സമയം അദ്ദേഹത്തിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഉമ്മൻചാണ്ടിയെ പരിശോധിച്ച ഡോക്ടർ മഞ്ചു തമ്പി പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആന്റിബയോട്ടിക്കുകൾ നൽകിത്തുടങ്ങിയെന്നും ഡോക്ടർ പറഞ്ഞു.
പനി കടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ന്യുമോണിയ സ്ഥിരീകരിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ സന്ദർശകർക്ക് അടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജർമനിയിലെ ലേസർ സർജറിക്കുശേഷം ബംഗളൂരുവിൽ ഡോ. വിശാൽ റാവുവിൻ്റെ ചികിത്സയിൽ കഴിയുകയായിരുന്നു ഉമ്മൻചാണ്ടി. ബംഗളൂരുവിലേക്ക് തുടർപരിശോധനയ്ക്ക് പോകാനിരിക്കെയാണ് അദ്ദേഹത്തിന് പനി ബാധിച്ചത്.