അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ 2921 പേരുടെയും സിറിയയിൽ 1444 പേരുടെയും മരണമാണ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 20,000 കടക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുന്നുണ്ട്. ഇതുവരെ 14,000ലധികം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഭൂകമ്പമുണ്ടാകുമ്പോൾ ആളുകൾ ഉറക്കമായിരുന്നത് ദുരന്തത്തിൻ്റെ തീവ്രതയേറ്റി.
ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്.
സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തെക്ക്-കിഴക്കൻ തുർക്കിയിലെ ഗാസിയാൻടെപ്പിൽ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് നിഗമനം. തുർക്കിയുടെ തലസ്ഥാന നഗരമായ അങ്കാറയിലും സമീപ നഗരങ്ങളിലും ഭൂചലനത്തെ തുടർന്ന് പ്രകമ്പനമുണ്ടായി. പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുർക്കി ആഭ്യന്തരമന്ത്രി അറിയിച്ചു.