തിരുവനന്തപുരം: കേന്ദ്ര നികുതി വിഹിതം, ചരക്കു സേവന നികുതിവിഹിതം എന്നീ ഇനങ്ങളിൽ മാത്രം ഒരു വർഷം കേരളത്തിന് ലഭിക്കേണ്ട 33,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതെന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിൽ നിന്നു സംസ്ഥാനത്തിന് വീതിച്ചു. നൽകേണ്ട നികുതി വിഹിതത്തിൽ 18,000 കോടി രൂപയും ചരക്കു സേവന നികുതിയിനത്തിൽ 15,000 കോടി രൂപയുമാണ് സംസ്ഥാനത്തിന് നഷ്ടമാകുന്നതെന്ന് മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
എങ്ങനെയാണ് കേന്ദ്ര നടപടികൾ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത് ?
രണ്ടുദാഹരണങ്ങൾ പറയാം
1) ഡിവിസിബിൾ പൂൾ
കേന്ദ്രം പിരിച്ചെടുക്കുന്ന നികുതികളുടെ 59% കേന്ദ്രം എടുക്കുകയും ബാക്കി 41% സംസ്ഥാനങ്ങൾക്ക് വീതം വെച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്.
സംസ്ഥാനങ്ങൾക്കിടയിൽ വീതം വെച്ച് നൽകേന്ന ഈ 41 ശതമാനത്തിനെ വിളിക്കുന്ന പേരാണ് ഡിവിസിബിൾ പൂൾ. ഡിവിസിബിൾ പൂളിൽ നിന്നും തുക സംസ്ഥാനങ്ങൾക്കിടയിൽ വീതം വയ്ക്കാനുള്ള അനുപാതം തീരുമാനിക്കുന്നത് കേന്ദ്ര ധനകാര്യ കമ്മീഷനാണ്. പത്താം ധനകാര്യ കമ്മീഷൻ്റെ കാലത്ത് (1995-2000) കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന വിഹിതം 3.87 % ആയിരുന്നു. അതായത് സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടുന്ന ഡിവിസിബിൾ പൂളിലെ 100 രൂപയിൽ 3.87 രൂപ കേരളത്തിനുള്ളതായിരുന്നു. അത് കുറച്ചു കുറച്ചു കൊണ്ടുവന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ (2020-25) കാലമായപ്പോഴേക്കും 1.925 % ആക്കി .കേരളത്തിൻ്റെ വിഹിതം പകുതിയിൽ താഴെയായി കുറച്ചു.
ഇപ്പോൾ ഒരു വർഷം ഈ ഇനത്തിൽ കേരളത്തിനു ലഭിക്കുന്നത് 18,000 കോടി രൂപയോളമാണ്. ചുരുങ്ങിയത് 18,000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തിയിരിക്കുന്നു.
2) ജി എസ് ടി
2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ജി എസ് ടി നടപ്പിലാക്കിയത്. ജിഎസ്ടി നടപ്പിൽ വന്ന ആദ്യകാലങ്ങളിൽ റവന്യൂ ന്യൂട്രൽ റേറ്റ് 16 ശതമാനമായിരുന്നു. എന്നുവച്ചാൽ 100 രൂപയുടെ സാധനങ്ങളും സേവനങ്ങളും സമൂഹത്തിൽ കൈമാറ്റം ചെയ്യപ്പെടുമ്പോൾ നികുതിയായി 16 രൂപ സംസ്ഥാന സർക്കാരിന് ലഭിക്കുമായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ വൻകിട ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ആഡംബര വസ്തുക്കളുടെ നികുതിയിൽ കേന്ദ്രം വൻ കുറവു വരുത്തി. ഇതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ആഡംബര വസ്തുക്കളുടെ നികുതി കുറവു ചെയ്തതു കൊണ്ട് സാധനങ്ങളുടെ വിലയിൽ കുറവ് വന്നിട്ടില്ലെന്നും, ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നുമാണ്. നികുതി കുറഞ്ഞ തക്കത്തിന് സാധനങ്ങളുടെ വില കൂട്ടി വ്യാപാരികൾ ലാഭം കൂട്ടുകയാണ് ചെയ്തത്.
നികുതി സംവിധാനം വിപുലീകരിക്കപ്പെടുമെന്നും നികുതി വരുമാനം വർദ്ധിക്കുമെന്നും പറഞ്ഞുകൊണ്ട് നിലവിൽ വന്ന ജി എസ് ടി സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വരുമാന നഷ്ടമാണ് സൃഷ്ടിച്ചത്. 16 രൂപയിൽ നിന്ന് 11 രൂപയിലേക്ക് റവന്യൂ ന്യൂട്രൽ റേറ്റ് പോകുമ്പോൾ കേരളത്തിൻ്റെ നികുതി വരുമാനത്തിൽ മൂന്നിലൊന്ന് കുറവാണുണ്ടാകുന്നത്. കഴിഞ്ഞവർഷം സംസ്ഥാനത്തിൻ്റെ ജി എസ് ടി വരുമാനം 24,000 കോടി രൂപയാണ്. നടപ്പുവർഷം നാം പ്രതീക്ഷിക്കുന്ന ജി എസ് ടി വരുമാനം 30,000 കോടി രൂപയാണ്. ശരിക്കും സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിൻ്റെ മൂന്നിൽ രണ്ടുമാത്രമാണ് ഈ 30,000 കോടി രൂപ. പഴയ റവന്യൂ ന്യൂട്രൽ റേറ്റ് ആയിരുന്നെങ്കിൽ ഏകദേശം 45,000 കോടി രൂപയാകുമായിരുന്നു സർക്കാരിൻ്റെ വരുമാനം. അതായത് 15,000 കോടിയുടെ അധിക വരുമാനം സർക്കാരിന് ഉണ്ടാകുമായിരുന്നു.
ഇവ രണ്ടും കൂടി ചേർത്താൽ തന്നെ 33,000 കോടി രൂപയുടെ വരുമാനം അധികമായി നമുക്ക് ലഭിച്ചേനെ. ഈ പണം ലഭിക്കുമായിരുന്നെങ്കിൽ നമുക്ക് പുറത്തുനിന്ന് അധികമായി കടമെടുക്കേണ്ടി പോലും വരുമായിരുന്നില്ല.
ഈ നയം തിരുത്തപ്പെടണം. നമ്മുടെ നാട്ടിൽ നിന്നും പിരിച്ചെടുത്തു കൊണ്ടുപോകുന്ന നികുതിയുടെ അർഹമായ സംസ്ഥാന വിഹിതം നീതിയുക്തമായി നമുക്ക് ലഭിക്കുക തന്നെ വേണം.